മീററ്റ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട പ്രണയിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉമ്രി സബ്‌സിപൂര്‍ ഗ്രാമവാസികളായ മുഹമ്മദ് അര്‍മാന്‍ (24), കാജല്‍ സൈനി (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരഭിമാനക്കൊല ആരോപിച്ച് പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി കാജലിനെ കാണാനായി അര്‍മാന്‍ എത്തിയതായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ഗ്രാമാതിര്‍ത്തിയിലുള്ള ഗഗന്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി.
മൂന്ന് ദിവസമായി ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് അര്‍മാന്റെ കുടുംബം പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ തന്നെ മൃതദേഹങ്ങള്‍ മറവുചെയ്ത സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് കാജലിന്റെ സഹോദരന്മാരായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.