മലയാള സിനിമയിലെ നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ചിത്രത്തില്‍ സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരായിരുന്നു നായികമാര്‍.
ജോര്‍ജ് എന്ന ചെറുപ്പക്കാരന്റെ കൗമാരം മുതല്‍ യൗവ്വനം വരെ കാണിക്കുന്ന ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു വുണ്ട്. സിനിമ പോലെ ചിത്രത്തിലെ പാട്ടുകളും വമ്പന്‍ ഹിറ്റുകളായിരുന്നു. അതില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചത് ജോര്‍ജും മലരും ഒരുമിച്ചെത്തിയ മലരേ എന്ന പാട്ടായിരുന്നു.
രാജേഷ് മുരുഗേശന്‍ സംഗീതം നല്‍കിയ പാട്ടിന്റെ വരികള്‍ എഴുതിയത് ശബരീഷ് വര്‍മയായിരുന്നു. യേശുദാസ് പാടിയ പാട്ട് കേരളത്തെ മാത്രമല്ല, തെന്നിന്ത്യയെ ആകെ ഹരം കൊള്ളിച്ചു.
എന്നാല്‍ ഈ ഐക്കോണിക് പാട്ടിനായി ആദ്യം വിളിച്ചത് വിജയ് യേശുദാസിനെ ആയിരുന്നില്ല. 20 പേരെ പരീക്ഷിച്ച് നോക്കിയിട്ടാണ് വിജയ് യേശുദാസിനെ പാടാനായി രാജേഷ് മുരുഗേശന്‍ വിളിച്ചത്. തന്നെയുമല്ല റഫ് മിക്‌സാണ് അവര്‍ പുറത്ത് വിട്ടതും.
ഈ സംഭവത്തെ പറ്റി വിജയ് യേശുദാസ് തന്നെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വെച്ച് മുമ്പ് പറഞ്ഞിരുന്നു.
‘പ്രേമത്തിലെ പാട്ട് 20 പേര് പാടിക്കഴിഞ്ഞാണ് എന്റെ അടുത്തേക്ക് എത്തുന്നത്. പിന്നീട് പാട്ട് ഹിറ്റായതിന് ശേഷമാണ് അത് അറിയുന്നത്. അവര്‍ കുറേ പേരെ പരീക്ഷിച്ചുകൊണ്ടിരുന്നു. പ്രോപ്പറായി മൂന്നോ നാലോ പാട്ടുകാരെ ട്രൈ ചെയ്ത് കാണും. 20 പ്രോപ്പര്‍ സിങ്ങേഴ്‌സിനെ വെച്ച് അവര്‍ പാടിയെന്നായിരിക്കില്ല.
രാജേഷ് മുരുഗേഷ് ഒരു ബുദ്ധീജീവി ടൈപ്പാണ്. മ്യൂസിക് ജീവിയാണ്. ഭയങ്കര പാവമാണ്. പാടിയത് ഭയങ്കര ഓര്‍മയൊന്നുമല്ല, പാടിപ്പോയി എന്നൊരു ഓര്‍മയേയുള്ളൂ. രാജേഷ് അത്രയും അണ്‍അസ്യൂമിങ് ആയിട്ടുള്ള ആളാണ്.
ഒരു പാവം പയ്യന്‍ വന്ന് പാടിപ്പിച്ചിട്ട് പോയി. ആ പാട്ടിന്റെ റഫായിട്ടുള്ള മിക്‌സാണ് എടുത്തത്. അത് അങ്ങനെ തന്നെ ഇറക്കി. എന്നിട്ടും ആ പാട്ട് ഇങ്ങനെ ഒരു ഹിറ്റായി എന്നുള്ളത് വലിയ കാര്യം,’ വിജയ് യേശുദാസ് അന്ന് പറഞ്ഞത്.
മലയാളത്തിലെ പല ഹിറ്റ് സിനിമകള്‍ക്കും പാട്ടുകള്‍ക്കും പിന്നില്‍ ഇത്തരത്തില്‍ രസകരമായ പല കഥകളുമുണ്ട്. അങ്ങനെ പലരിലൂടെ കടന്നുപോയി പ്രോപ്പറായി മിക്‌സ് ചെയ്യാത്ത പ്രേമത്തിലെ ഗാനമാണ് തെന്നിന്ത്യയാകെ തന്നെ തരംഗമായത്.
Content Highlight: interesting story behind malare song in premam