പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കാന്‍ പ്രത്യേക പദ്ധതികളുമായി മോദി, നിതീഷ് സര്‍ക്കാരുകള്‍. ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പലിശ രഹിത ലോണെടുക്കാനായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു. ഒപ്പം സ്‌കോളര്‍ഷിപ്പ് സ്‌കീമുകളുടെ തുകയില്‍ വര്‍ധനവും വരുത്തി. 1800 രൂപയുണ്ടായിരുന്ന വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 3600 ആയാണ് ഉയര്‍ത്തിയത്. കൗശല്‍ ദീക്ഷന്ത് സമാരോഹ് 2025 എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ന്യൂദല്‍ഹിയില്‍ യുവാക്കള്‍ക്ക് വേണ്ടി 62,000 കോടിയുടെ പദ്ധതികളാണ് കൗശല്‍ ദീക്ഷന്ത് സമാരോഹില്‍ പ്രഖ്യാപിച്ചത്. ഈ പരിപാടിയില്‍ വെച്ച് ബീഹാറിലെ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ മോദി പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.
ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും യുവാക്കള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ്. ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കായി പാട്‌നയില്‍ എന്‍.ഐ.ടി ആരംഭിച്ചെന്നും മോദി പറഞ്ഞു.

ബീഹാറിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോവേണ്ടി വന്നതും മുമ്പത്തെ ലാലുപ്രസാദ് യാദവ് സര്‍ക്കാരിന്റെ കഴിവുകേടും തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി പാര്‍ട്ടി കാരണവുമാണെന്ന് മോദി വിമര്‍ശിച്ചു.
രണ്ട് പതിറ്റാണ്ട് മുമ്പ് ബീഹാറിലെ വിദ്യാഭ്യാസ രംഗം എത്രമാത്രം അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ല. സ്‌കൂളുകള്‍ കൃത്യമായി തുറക്കുകയോ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയോ ചെയ്തിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠിക്കാനായി പോകുന്ന ഗതികേടിലായിരുന്നു ബീഹാറിലെ വിദ്യാര്‍ത്ഥികള്‍. ഇതാണ് ബീഹാറില്‍ നിന്നുള്ള കൂട്ടമായ കുടിയേറ്റങ്ങള്‍ക്ക് കാരണമായത്. ആര്‍.ജെ.ഡിയുടെ മോശം ഭരണമാണ് ബീഹാറിന്റെ മോശം അവസ്ഥയ്ക്ക് കാരണമെന്നും മോദി വിമര്‍ശിച്ചു.


