ദേശീയഗാനത്തെയും പതാകയെയും അപമാനിച്ചെന്നാരോപിച്ച് ഏഴ് പേര്‍ക്കെതിരെ കേസ്
Daily News
ദേശീയഗാനത്തെയും പതാകയെയും അപമാനിച്ചെന്നാരോപിച്ച് ഏഴ് പേര്‍ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2014, 1:15 pm

salman
തിരുവനന്തപുരം: ദേശീയ ഗാനത്തോടും ദേശീയ പതാകയോടും അനാദരവ് കാണിച്ച സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കൂവുകയും ഫേസ്ബുക്കില്‍ ദേശീയ പതാകയെ അധിക്ഷേപിച്ച് പോസ്റ്റിടുകയും ചെയ്തു എന്നാരോപിച്ചാണ് തിരുവനന്തപുരത്ത് രണ്ട് പെണ്‍കുട്ടികളടക്കം ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

സല്‍മാന്‍, ദീപക് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 എ, ഐപി.സി. 124 എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളാണ് സല്‍മാനുമേല്‍ ചാര്‍ത്തിയിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. സല്‍മാനെ അറസ്റ്റ് ചെയ്യുമ്പോള്‍ കൈവിലങ്ങ് ഉപയോഗിച്ചിരുന്നു.

[]

anti-national

തിരുവനന്തപുരത്തെ നിള തിയ്യറ്ററില്‍ സിനിമയ്ക്ക് മുമ്പ് സ്‌ക്രീനില്‍ ദേശീയഗാനം അവതിരപ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്ന നിര്‍ദേശം പാലിക്കാതിരിക്കുകയും ദേശീയഗാനത്തെ കൂവി അധിക്ഷേപിക്കുകയും ചെയ്തുവെന്നതാണ് പരാതി. രണ്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി ലഭിച്ചത്.

ഇവരില്‍ ഒരാള്‍ ദേശീയപതാകയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു താഴെ ദേശവിരുദ്ധ പരാമര്‍ശം നടത്തി എന്നതാണ് സല്‍മാനെതിരെയുള്ള കേസ്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് പേര്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. പരാതി ലഭിച്ച അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ ഫേസ്ബുക്ക് പരിശോധിക്കുകയായിരുന്നു.

എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചാണ് സല്‍മാനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. ഒരു ഭീകരവാദിയെ കൊണ്ടുപോകുന്നതുപോലെയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ സല്‍മാനെ കാണാന്‍ അനുവദിച്ചിരുന്നില്ല എന്നും പരാതിയുയര്‍ന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും തന്നെ സല്‍മാനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് പാലിച്ചിരുന്നില്ല.