ടിക് ടോക് വീണിടത്ത് ഇന്‍സ്റ്റഗ്രാം വാഴുമോ? അണിയറയില്‍ പുതിയ നീക്കങ്ങള്‍
TechNews
ടിക് ടോക് വീണിടത്ത് ഇന്‍സ്റ്റഗ്രാം വാഴുമോ? അണിയറയില്‍ പുതിയ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 2:01 pm

മുംബൈ: ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതിനു പിന്നാലെ ടിക് ടോക്കിന്റെ ഇന്ത്യയിലെ സാന്നിധ്യത്തിനു ബദലാവാനുള്ള ശ്രമവുമായി ഇന്‍സ്റ്റഗ്രാം. 15 സെക്കന്റ് മ്യൂസിക് വീഡിയോയുമായി ഇന്‍സ്റ്റഗ്രാം റീലാണ് ഇന്ത്യയില്‍ നിലവില്‍ പരീക്ഷിക്കപ്പെടുന്നത്.

മ്യൂസിക്കും ഉപയോക്താക്കളുടെ ശബ്ദവും കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന 15 സെക്കന്റ് വീഡിയോകളാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ ഇന്ത്യയിലെ മ്യൂസിക് ആപ്പായ സരീഗമയുമായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ധാരണയായിട്ടുണ്ട്. സരിഗമയുടെ ലൈബ്രറിയിലുള്ള മ്യൂസ്‌ക്കുകളുടെ ആക്‌സസ് ഇവരുടെ ഉപയോക്താക്കള്‍ക്കും നല്‍കുന്നതാണ് കരാര്‍.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോകത്താകെ നടന്ന ടിക് ടോക് ഡൗണ്‍ലോഡിന്റെ 30.3 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം നടന്ന ഡൗണ്‍ലോഡുകളുടെ ഇരട്ടിയോളം വരുമിത്.

26 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമിന് 6.9 കോടി ഉപയോക്താക്കളും. അടുത്തിടെയായി ഫേസ്ബുക്കിനെയും ട്വിറ്ററിനെയും കവച്ചവെച്ച്് ഇന്‍സ്റ്റഗ്രാം വന്‍ ജനപ്രീതി നേടിയിട്ടുമുണ്ട്.

ടിക് ടോക്, ഹലോ ആപ്പ് എന്നിവയുടെ വളര്‍ച്ച ദിനം പ്രതി ഇന്ത്യയില്‍ കൂടി വന്ന സാഹചര്യത്തില്‍ വന്ന വിലക്ക് ഇവയുടെ മാതൃ കമ്പനിയായ
ബൈറ്റ് ഡാന്‍സിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക