മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറെ റിമാന്‍ഡ് ചെയ്തു
national news
മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറെ റിമാന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2025, 3:14 pm

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറെ റിമാന്‍ഡ് ചെയ്തു. ശര്‍മിഷ്ഠ പനോലിയെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്‍ക്കത്ത സിറ്റി കോടതിയുടേതാണ് നടപടി.

ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കൊല്‍ക്കത്ത പൊലീസ് ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തത്. നിലവില്‍ കോടതി ഇവരെ 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 13 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി.

22 കാരിയായ ശര്‍മിഷ്ഠ പനോലി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് അറസ്റ്റിലായത്. അതേസമയം ശര്‍മിഷ്ഠ ഒരു നിയമ വിദ്യാര്‍ത്ഥിനിയാണെന്നും പൊലീസ് അവരുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തിയ നിലയ്ക്ക് ശര്‍മിഷ്ഠയ്ക്ക് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ മെയ് 15 നാണ് ഇവര്‍ക്കെതിരെ ഗാര്‍ഡന്‍ റീച്ച് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി ശര്‍മിഷ്ഠ പനോലി രംഗത്തെത്തിയിരുന്നു.


താന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതെല്ലാം വ്യക്തിപരമായ ചിന്താഗതികളാണ്. ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഇനി മുതല്‍ പൊതുവായ ഇടങ്ങളിലെ പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കുമെന്നാണ് ശര്‍മിഷ്ഠ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇൻഫ്ലുവൻസറുടെ ഖേദപ്രകടനം.

അപകീര്‍ത്തി പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ശര്‍മിഷ്ഠയെ തേടിയെത്തിയെങ്കിലും അവര്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഗുരുഗ്രാമിൽ നിന്ന് 22കാരി പിടിയിലാകുന്നത്.

ഭാരതീയ ന്യായ് സമിതിയുടെ (ബി.എന്‍.എസ്) സെക്ഷന്‍ 196 (മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമോ ശത്രുതയോ വളര്‍ത്തല്‍), 299 (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശര്‍മിഷ്ഠക്കെതിരെ കേസെടുത്തത്.

Content Highlight: Instagram influencer remanded for defamatory remarks against Prophet Muhammad