ജൂണ്‍ മൂന്നിന് ഷര്‍മിഷ്ഠ പനോലി നല്‍കിയ ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പരിധിയിലേക്ക് എത്താന്‍ പാടില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
‘നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. വ്യത്യസ്ത ജാതികളില്‍ നിന്നും, മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം,’ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി പറഞ്ഞു.
എന്നാല്‍ പനോലിയുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നായിരുന്നു യുവതിയുടെ അഭിഭാഷകന്റെ വാദം. അറസ്റ്റിന് മുമ്പ് യുവതിക്ക് നോട്ടീസും നല്‍കിയിട്ടില്ലെന്നും ബി.എന്‍.എസ്.എസ് നിയമപ്രകാരം അത് നിര്‍ബന്ധമാണെന്നും പനോലിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.
പിന്നാലെ യുവതിയും കുടുംബവും ഒളിവില്‍ പോയതിനാലാണ് നോട്ടീസ് നല്‍കാന്‍ സാധിക്കാതിരുന്നതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ ഷര്‍മിഷ്ഠ പനോലിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഭാരതീയ ന്യായ് സമിതിയുടെ (ബി.എന്‍.എസ്) സെക്ഷന്‍ 196 (മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമോ ശത്രുതയോ വളര്‍ത്തല്‍), 299 (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഷര്‍മിഷ്ഠക്കെതിരെ കേസെടുത്തത്.
ഇവരെ കോടതി 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജൂണ്‍ 13 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഒളിവില്‍ പോയ ഷര്‍മിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാദ വീഡിയോ യുവതി ഡിലീറ്റ് ചെയ്തിരുന്നു. കൂടാതെ ഷര്‍മിഷ്ഠ പനോലി ഖേദപ്രകടനവും നടത്തിയിരുന്നു. താന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതെല്ലാം വ്യക്തിപരമായ ചിന്താഗതികളാണെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നുമാണ് ഷര്‍മിഷ്ഠ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇന്‍ഫ്ളുവന്‍സറുടെ ഖേദപ്രകടനം.
Content Highlight: Instagram influencer granted interim bail for hate speech against Prophet Muhammad