തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യക്ക് നേരെ ആക്രമണം; ആസിഡ് ഒഴിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
national news
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യക്ക് നേരെ ആക്രമണം; ആസിഡ് ഒഴിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 5:42 pm

ലഖ്‌നൗ: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം.

ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കനയ്യക്ക് നേരെ മഷിയൊഴിക്കാന്‍ ശ്രമം നടന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഷിയല്ല, ഒരുതരം ആസിഡാണ് ഒഴിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാമ്പെയിന്‍ ചെയ്യാനെത്തിയതായിരുന്നു കനയ്യ കുമാര്‍.

”അയാള്‍ കനയ്യ കുമാറിന് നേരെ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാലും അദ്ദേഹത്തിന്റെ അടുത്തിരുന്ന മൂന്ന്-നാല് പേരുടെ ദേഹത്ത് ഇതിന്റെ കുറച്ച് തുള്ളികള്‍ വീണിട്ടുണ്ട്,” കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

മഷിയൊഴിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഖ്‌നൗവിലെത്തിയതായിരുന്നു കനയ്യ കുമാര്‍.

അതേസമയം പ്രിയങ്ക ഗാന്ധിക്ക് വദ്രക്ക് കീഴില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വമ്പന്‍ പോരാട്ടമായി മാറിയിരിക്കുകയാണെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു.

2018ലും ഗ്വാളിയോറില്‍ വെച്ച് കനയ്യ കുമാറിനും ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിക്കും നേരെ മഷിയേറ് നടന്നിരുന്നു. ഹിന്ദു സേനയിലെ അംഗമായിരുന്ന മുകേഷ് പാല്‍ എന്നയാളായിരുന്നു ഇരുവര്‍ക്കും നേരെ അന്ന് മഷിയൊഴിച്ചത്.

2021 സെപ്റ്റംബര്‍ 28നായിരുന്നു സി.പി.ഐ നേതാവായിരുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


Content Highlight: Ink thrown at Kanhaiya Kumar at Congress office in Lucknow, while Uttar Pradesh election campaign, party leaders say it was acid