2026 ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആശങ്ക. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിടെയാണ് താരത്തിന് പരിക്കേറ്റത്.
പരിശീലനത്തിനിടെ കിഷന്റെ മുട്ടുകാലില്‍ പന്ത് കൊള്ളുകയായിരുന്നു. ഇന്ത്യന്‍ ടീം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഒരു യോര്‍ക്കര്‍ നേരിടുന്നതിനിടെയായിരുന്നു സംഭവം. പന്ത് കാലില്‍ കൊണ്ടതിന് പിന്നാലെ താരം വേദന കൊണ്ട് പുളഞ്ഞ് ഫീല്‍ഡില്‍ വീണു. അതോടെ ഇന്ത്യന്‍ ടീമിലെ സഹ താരങ്ങള്‍ ഒത്തുകൂടി.
Ishan Kishan is down, in a lot of pain after getting hit by a Jasprit Bumrah toe-crusher. Left toe! pic.twitter.com/zoYZv4AE3Q
അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ ടീം ഫിസിയോ കിഷന് പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ പരിശീലനം തുടര്‍ന്നെങ്കിലും ഏറെ വൈകാതെ തന്നെ പരിശീലനം അവസാനിപ്പിച്ച് താരം ഫീല്‍ഡ് വിടുകയും ചെയ്തു.
നിലവില്‍ ഇഷാന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ടീം മാനേജ്‌മെന്റ് ഇതുവരെ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, വയറുവേദനയും പനിയും കാരണം ചികിത്സയിലായിരുന്ന അഭിഷേക് ശര്‍മ ആശുപത്രി വിട്ടിട്ടുണ്ട്. താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ തിലക് വര്‍മ അറിയിച്ചിരുന്നു. അഭിഷേക് നമീബിയയ്ക്ക് എതിരെ കളിക്കുമോയെന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Tilak Varma provides an important update on #AbhishekSharma.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനിടെ അസുഖം ബാധിച്ച അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. നമീബയ്ക്ക് എതിരെ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.