നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാനാവില്ല: കേന്ദ്രസര്‍ക്കാര്‍
Daily News
നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാനാവില്ല: കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2015, 8:18 am

Netajiന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റൈ തിരോധാനത്തെ കുറിച്ച് സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചാലും അത് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.  നേതാജിയെ കുറിച്ചുള്ള രഹസ്യഫയലുകള്‍ പുറത്തുവിടുമെന്നത് എന്‍.ഡി.എയുടെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ നിന്നും മലക്കം മറിയുകയാണ് സര്‍ക്കാര്‍

നേതാജി സോവിയറ്റ് യൂണിയനില്‍ തങ്ങിയതിനെ സംബന്ധിച്ചവിവരങ്ങള്‍ കെ.ജി.ബി ശേഖരിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് 1996 ജനുവരി 12ന് അന്നത്തെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആര്‍.എല്‍ നാരായണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ നടപടികളെടുക്കാന്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറിയോടും ആര്‍.എല്‍ നാരായണനോടും അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആര്‍.ടി.ഐ പ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ്് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഹനിക്കുന്ന ഇത്തരം വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നും ആര്‍.ടി.ഐ ആക്റ്റിന്റെ സെക്ഷന്‍8(1) ഇവിടെ ബാധകമാവില്ലെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയത്്. എന്നാല്‍ ഈ വിവരങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ അടങ്ങിയില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ആര്‍.എല്‍ നാരായണന്‍ സമര്‍പ്പിച്ച കത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടും ഇത്‌സംബന്ധിച്ച വിവരങ്ങള്‍ രഹസ്യരേഖകളാണെന്ന നിലപാടിലാണ് മന്ത്രാലയം. പുരാവസ്തു രേഖകളില്‍  നേതാജിയെ കുറിച്ചുള്ള വിവരങ്ങളില്ലെന്ന് 1992 ജനുവരിയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്നും 1953ന് ശേഷമുള്ള കാര്യമാണ് പരിശോധിച്ചതെന്നതിനാല്‍ റഷ്യയുടെ സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ രഹസ്യരേഖകളിലോ അതിനു ശേഷമുള്ള രേഖകളിലോ നേതാജിയെ കുറിച്ചുള്ള വിവരങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു സര്‍ക്കാരിനോട് നാരായണന്‍ കത്തില്‍ ആവശ്യപ്പെട്ടത്.

1945 ആഗസ്റ്റ് 18ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടന്നും സോവിയറ്റ് യൂണിയനിലെ ലേബര്‍ ക്യാമ്പില്‍ അകപ്പെടുകയായിരുന്നുവെന്നും 1969ല്‍ പാരിസില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നുമെല്ലാമുള്ള വിവിധ വിശദീകരണങ്ങള്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. നേതാജി മരിച്ചുവെന്ന് പറയപ്പെടുന്ന വിമാനാപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ വിവരങ്ങള്‍ ദുരൂഹമായി തുടരുകയാണ്.