തിരുവനന്തപുരം: മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസില്‍ ന്യൂസ് എഡിറ്റര്‍ എസ്.എ. അജിംസ് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്നും പഴനിയില്‍ കണക്കില്‍ പെടുത്താത്ത ഫാം ഹൗസ് ഉണ്ടെന്നും, അവിടെ നിന്ന് കുടുംബത്തോടൊപ്പം ഒരു വനിതാമാഗസിന് അഭിമുഖം നല്‍കിയെന്നുമാണ് മീഡിയാ വണ്‍ ന്യൂസ് എഡിറ്റര്‍ ഔട്ട് ഓഫ് ഫോക്കസില്‍ നടത്തിയ പരാമര്‍ശം.
എന്നാല്‍ താന്‍ ഇതുവരെ പഴനിയില്‍ പോയിട്ടില്ലെന്നും ഇതുവരെ താന്‍ കാണാത്ത പഴനിയില്‍, മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് മീഡിയവണ്ണിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം. എത്ര ശാന്തമായാണ് മീഡിയ വണ്‍ നട്ടാല്‍ മുളയ്ക്കാത്ത നുണ ആധികാരികമായി അവതരിപ്പിക്കുന്നതെന്നും ഔട്ട് ഓഫ് ഫോക്കസില്‍ ഇത്തരം പച്ചക്കള്ളം വിളമ്പുന്നത് എന്തെങ്കിലും പരിശോധനയുടെ അടിസ്ഥാനത്തിലാണോ എന്നും മന്ത്രി ചോദിച്ചു.
പി. രാജീവ് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അഫിഡവിറ്റില്‍ മൊത്തം ആസ്തി 17 ലക്ഷം രൂപയാണെന്നും അത് ഭാര്യയുടെ പേരിലാണ് കാണിച്ചതെന്നും പറഞ്ഞാണ് ഔട്ട് ഓഫ് ഫോക്കസില്‍ അജിംസ് മന്ത്രിയുടെ പേര് എടുത്തുപറയാതെ പരാമര്‍ശം തുടങ്ങിയത്. പി. രാജീവ് മന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്ന് ഒരു വനിതാ മാസികയ്ക്ക് ഇന്റര്‍വ്യൂ കൊടുത്തതായും എന്നാല്‍ പഴനിയിലുള്ള ഫാം ഹൗസിന്റെ വിവരം എന്തുകൊണ്ടാണ് രേഖയില്‍ വരാത്തതെന്നും ന്യൂസ് എഡിറ്റര്‍ അജിംസ് ചോദിക്കുന്നു.
മാത്രമല്ല അദ്ദേഹത്തിന്റെ രണ്ട് കുട്ടികള്‍ കൊച്ചിയില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രധാനപ്പെട്ട സ്‌കൂളിലാണ് പഠിക്കുന്നതെന്നും എന്ത് ജോലി ചെയ്താണ് മന്ത്രിക്ക് ഇതെല്ലാം സാധിക്കുന്നതെന്നും ന്യൂസ് എഡിറ്റര്‍ പറഞ്ഞു. ഒട്ടുമിക്ക നേതാക്കന്‍മാരും അനധികൃമായി പണം സമ്പാദിക്കുന്നത് ഇങ്ങനെയാണെന്നും ഔട്ട് ഓഫ് ഫോക്കസില്‍ അജിംസ് പറഞ്ഞു. മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസില്‍ നടത്തിയ ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
‘ഇതുവരെ പഴനിയില്‍ പോയിട്ടില്ല. ഇനിയൊന്നു പോകണം. മീഡിയവണ്ണില്‍ ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരേയും കൂടെകൂട്ടണം. ‘പഴനിയിലെ ഫാം ഹൗസില്‍’ വെച്ച് വനിതാപ്രസിദ്ധീകരണത്തില്‍ നല്‍കിയതായി പറയുന്ന, അവര്‍ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണം. ഇതുവരെ ഞാന്‍ കാണാത്ത പഴനിയില്‍, ആരും കാണാത്ത അഭിമുഖത്തില്‍, മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അദ്ദേഹം കാണിച്ചു തരുമ്പോള്‍ അത് മീഡിയവണ്ണിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണം.
എത്ര ശാന്തമായാണ് നട്ടാല്‍ മുളയ്ക്കാത്ത നുണ ആധികാരികമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്. മീഡിയാ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ ഈ പച്ചക്കള്ളം വിളിച്ചു പറഞ്ഞത് എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ? ഇതെന്ത് മാധ്യമപ്രവര്‍ത്തനമാണ്?. ഇപ്പോള്‍ സ്റ്റോറി പിന്‍വലിച്ചതായി പ്രമോദ് രാമന്‍ പറയുന്നു. പക്ഷേ നുണ ലോകം ചുറ്റിയ ശേഷം സത്യത്തിന് ചെരിപ്പ് അന്വേഷിച്ചതു കൊണ്ട് എന്തു കാര്യം?,’ മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
ഔട്ട് ഓഫ് ഫോക്കസില്‍ മന്ത്രിക്കെതിരായ പരാമര്‍ശമുള്ള വീഡിയോ ഒഴിവാക്കിയെന്ന് പോസ്റ്റില്‍ പറയുമ്പോഴും ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്തും മീഡിയാ വണ്‍ യൂട്യൂബ് ചാനലില്‍ വീഡിയോ ഒഴിവാക്കിയിട്ടില്ല.
Content Highlight: Industries Minister P. Rajeev slams News Editor S.A. Ajims for remarks on Media One’s Out of Focus