ബാഹുബലിയിലെ പ്രഭാസിന്റെ വേഷം അത്ര പോര, ഞാന്‍ ചെയ്താല്‍ നന്നാകുമായിരുന്നു: ഇന്ദ്രന്‍സ്
Entertainment news
ബാഹുബലിയിലെ പ്രഭാസിന്റെ വേഷം അത്ര പോര, ഞാന്‍ ചെയ്താല്‍ നന്നാകുമായിരുന്നു: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th January 2023, 3:52 pm

ബാഹുബലിയിലെ പ്രഭാസിന്റെ കഥാപാത്രം അത്ര ശരിയായില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. താന്‍ ചെയ്താല്‍ അതിലും നന്നാകുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ സംസാരിക്കവെയാണ് അദ്ദേഹം ബാഹുബലിയിലെ പ്രഭാസിന്റെ കഥാപാത്രം തനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് പറഞ്ഞത്.

പരിപാടിക്കിടെ നടന്ന ചോദ്യോത്തര വേളയില്‍ കാണികളില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രസകരമായ മറുപടി ഇന്ദ്രന്‍സ് പറഞ്ഞത്. പല നടന്മാരും ചെയ്ത മികച്ച കഥാപാത്രങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, അതില്‍ ചെയ്യാനാഗ്രഹിച്ച അല്ലെങ്കില്‍ താന്‍ ചെയ്താല്‍ നന്നാകുമെന്ന് തോന്നിയ കഥാപാത്രമേതാണ് എന്നാണ് സദസില്‍ നിന്നും ഉയര്‍ന്ന ചോദ്യം.

തനിക്ക് കണ്ടിട്ട് അത്ര ശരിയായില്ലെന്ന് തോന്നിയ കഥാപാത്രം ബാഹുബലിയില്‍ പ്രഭാസ് ചെയ്തതാണെന്നും അത് താന്‍ ചെയ്താല്‍ നന്നാകുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

‘ചെയ്തിട്ട് അത്ര ശരിയായില്ല, ഒന്ന് ചെയ്ത് നോക്കിയാല്‍ കൊള്ളാമെന്ന് തോന്നിയ കഥാപാത്രം ബാഹുബലിയിലെ പ്രഭാസ് ചെയ്തതാണ്,’ ഇന്ദ്രന്‍സ് പറഞ്ഞു.

വലിയ കയ്യടികളോടെയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ കെ.എല്‍.എഫിന്റെ സദസ് ചിരിയില്‍ മുങ്ങുകയും ചെയ്തു. മറുപടി നല്‍കിയ ഇന്ദ്രന്‍സ് പോലും ചിരിച്ച് പോയി.

അതേസമയം ഷാഫി സംവിധാനം ചെയ്ത് 2022 ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തിയ ആനന്ദം പരമാനന്ദമാണ് ഇന്ദ്രന്‍സിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്‍, അനഘ നാരായണന്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ല്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

CONTENT HIGHLIGHT: INDRANS TALKS ABOUT BAHUBALI CHARACTER