പണ്ടുണ്ടായിരുന്ന അതേ ആർത്തി ഇപ്പോഴും ഉണ്ട്; വരുന്ന വേഷമെല്ലാം ചെയ്യും: ഇന്ദ്രൻസ്
Malayalam Cinema
പണ്ടുണ്ടായിരുന്ന അതേ ആർത്തി ഇപ്പോഴും ഉണ്ട്; വരുന്ന വേഷമെല്ലാം ചെയ്യും: ഇന്ദ്രൻസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 5:53 pm

സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഒരു ഹാസ്യ നടനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഒരുപാട് നാൾ കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അദ്ദേഹം അഭിനയിച്ച കേരള ക്രൈം ഫയല്‍സ് സീസൺ 2 മികച്ച അഭിപ്രായത്തോടെ ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ സിനിമയിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സിനിമയില്‍ മാറ്റം വരാന്‍ താനൊന്നും ചെയ്തിട്ടില്ലെന്നും അഭിനയിക്കാന്‍ പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുമെന്നും പ്രായത്തിന്റെയും കാലത്തിന്റെയും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളില്‍ ഓരോ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ മോഹം തോന്നാറുണ്ടെന്നും എന്നാല്‍ തന്റെ ശരീരത്തെക്കുറിച്ച് അറിയാമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടർ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ട്. വരുന്നതെല്ലാം ചെയ്യും. പിന്നെ പ്രായത്തിന്റെ മാറ്റവും കാലവും മാറിവന്നപ്പോള്‍ സിനിമയില്‍ നിന്നും പോകാതെ ഇരുന്നതുകൊണ്ട് പരീക്ഷണങ്ങള്‍ക്ക് പറ്റുന്നു എന്നുമാത്രം.

ഉള്ളില്‍ പല കൊതിയും കാണും. ഓരോ സിനിമയിലും വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ മോഹമുണ്ടാകും. പക്ഷെ, അപ്പോഴും ഒരു കാര്യം അറിയാം, എന്റെ ശരീരം അതിന് സമ്മതിക്കില്ലല്ലോ. സിനിമയല്ലേ. അതിന് അതിന്റേതായ കാര്യങ്ങള്‍ വേണ്ടേ എന്നുള്ള തോന്നല്‍ പണ്ട് തോന്നിയിരുന്നു,’ ഇന്ദ്രന്‍സ് പറയുന്നു.

Content Highlight: Indrans talking about the change in Himself and Malayalam Cinema