ടി.വി ചന്ദ്രന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥാവശേഷന്‍. ടി.വി ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയത് ഇന്ദ്രന്‍സായിരുന്നു. ഇപ്പോള്‍ കഥാവശേഷന്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.
‘ടി.വി. ചന്ദ്രന്‍ സാറിന്റെ കഥാവശേഷന്‍ മുതലാണ് എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയത്. അതിനു മുമ്പ് എം.പി.സുകുമാരന്‍ നായരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാവശേഷനിലെ കള്ളനാണ് ശ്രദ്ധിക്കപ്പെട്ടത്’ അദ്ദേഹം പറയുന്നു.
കഥാവശേഷനില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും താൻ ക്ലൈമാക്സില്‍ വന്നാല്‍ ആളുകള്‍ ചിരിക്കുമോ എന്നായിരുന്നു ഭയമെന്നും നടന്‍ പറഞ്ഞു. ആ സിനിമ വരെ ക്ലൈമാക്സ് ഷോട്ട് വരുമ്പോള്‍ ‘സീരിയസാണ്, അതില്‍ ഇന്ദ്രന്‍സ് വേണ്ട’ എന്നാണ് ഓരോ സംവിധായകന്‍ പറഞ്ഞിരുന്നതെന്നും കഥാവശേഷനിലെ ക്ലൈമാക്‌സ് സീനില്‍ താന്‍ വേണോ, ഗൗരവം പോകില്ലേ എന്ന് സംവിധായകനോട് താനും ചോദിച്ചിരുന്നെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
‘ചന്ദ്രന്‍ ചേട്ടനാണ് ആത്മവിശ്വാസം തന്നത്. ആ സീന്‍ പറഞ്ഞു തരുമ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കാന്‍ പോലും പറ്റിയില്ല.അത്രയേറെ ഇമോഷണലായാണ് അദ്ദേഹം അത് പറഞ്ഞ് തന്നത്,’ ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശമാണ് പൂന്തി റോഡ്. ക്ലൈമാക്സ് സീനിലെ കരയുന്ന സീനാണ് അവിടെയുള്ള കലുങ്കിൽ വെച്ച് ഷൂട്ട് ചെയ്തത്. അപ്പോള്‍ അതുവഴി പോയ സ്ത്രീകള്‍ ഞാൻ കരയുന്നത് കണ്ട് ‘കൊച്ചുവേലുവണ്ണന്റെ മോന്‍ ആ കലുങ്കിലിരുന്ന് കരയുന്നു’ എന്ന് പറഞ്ഞു.
‘കണ്ണുനട്ട് കാത്തിരുന്നിട്ടും’ എന്ന പാട്ട് അവിടെ വെച്ചിട്ടാണ് ഷൂട്ട് ചെയ്തത്,’ ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Indrans talking about Kathavasheshan Movie