ലിജോയുടെ എല്ലാ സിനിമകളും സ്പെഷ്യലാണ്; ഒറ്റവരിയിലാണ് അദ്ദേഹം ആ ചിത്രത്തെ പറ്റി പറഞ്ഞത്: ഇന്ദ്രജിത്ത് സുകുമാരന്‍
Film News
ലിജോയുടെ എല്ലാ സിനിമകളും സ്പെഷ്യലാണ്; ഒറ്റവരിയിലാണ് അദ്ദേഹം ആ ചിത്രത്തെ പറ്റി പറഞ്ഞത്: ഇന്ദ്രജിത്ത് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 6:15 pm

ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളും വളരെ സ്പെഷ്യലാണെന്നും അതൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് സുകുമാരന്‍. ലിജോ സാമ്യതയുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന ചിത്രമായിരുന്ന നായകനെ കുറിച്ചും താരം പറഞ്ഞു. ആ സിനിമയില്‍ ഇന്ദ്രജിത്തായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

ലിജോ തുടക്കകാലത്തില്‍ ഒരുപാട് ലിമിറ്റേഷനില്‍ നിന്ന് വര്‍ക്ക് ചെയ്ത സിനിമയാണ് നായകനെന്നാണ് താരം പറയുന്നത്. ആ സമയത്ത് തങ്ങളുടെ മനസില്‍ ഒരു ബജറ്റുണ്ടായിരുന്നെന്നും പക്ഷേ ആ ബജറ്റില്‍ സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

‘ലിജോയുടെ എല്ലാ സിനിമകളും വളരെ സ്പെഷ്യലാണ്. അതൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ലിജോ സിമിലറായിട്ടുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തുടക്കകാലത്തില്‍ ഒരുപാട് ലിമിറ്റേഷനില്‍ നിന്ന് വര്‍ക്ക് ചെയ്ത സിനിമയാണ് നായകന്‍.

ആ സമയത്ത് നമ്മളുടെ മനസില്‍ ഒരു ബജറ്റുണ്ടായിരുന്നു. പക്ഷേ ആ ബജറ്റില്‍ സിനിമ ചെയ്യാന്‍ പറ്റിയില്ല. പിന്നെ ഒരുപാട് ഷെഡ്യൂള്‍സും ലൊക്കേഷന്‍സും ഉണ്ടായിരുന്നു. ഒരു തുടക്കകാരന്റെ എല്ലാ പ്രശ്നങ്ങളും നേരിട്ടാണ് ലിജോ പെല്ലിശേരിയെന്ന സംവിധായകന്‍ വന്നത്.

അന്ന് ആ ലിമിറ്റേഷനില്‍ നിന്ന് കൊണ്ട് അതുവരെ കാണാത്ത ഒരു വിഷ്വല്‍ ലാംഗ്വേജുള്ള സിനിമ ചെയ്യാന്‍ ലിജോയ്ക്ക് സാധിച്ചു. എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ഒറ്റവരിയിലാണ് ആ സിനിമയെ പറ്റി പറഞ്ഞത്. ഒരു കഥകളിക്കാരന്റെ പ്രതികാരമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറഞ്ഞു.


Content Highlight: Indrajith Sukumaran Talks About Lijo Jose Pellissery