ഹലോ മല്ലികേ... ഇത്ര നേരത്തെ നീ കിടന്നോ; അച്ഛന്റെ ശബ്ദത്തിൽ അമ്മയെ പറ്റിച്ച് ഇന്ദ്രജിത്ത്
Entertainment news
ഹലോ മല്ലികേ... ഇത്ര നേരത്തെ നീ കിടന്നോ; അച്ഛന്റെ ശബ്ദത്തിൽ അമ്മയെ പറ്റിച്ച് ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 11:00 am

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ സജീവമായത് കൊണ്ട് തന്നെ ഇവരുടെ വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് കൗതുകവുമാണ്. സുകുമാരന്റെ ശബ്ദം അനുകരിച്ച് മല്ലികയെ പറ്റിച്ച സംഭവം രസകരമായി വിവരിക്കുകയാണ് ഇന്ദ്രജിത്ത്.

പത്താം വളവ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഈ സംഭവം പറയുന്നത്. കസിൻസ് സിനിമയുടെ സെറ്റിൽ സുരാജിന്റെ സഹായത്തോടെയാണ് അച്ഛന്റെ ശബ്ദം അനുകരിക്കാൻ പഠിച്ചതെന്നും പിന്നീട് ഒരു വർഷത്തിന് ശേഷമാണ് അമ്മയെ ഇത്തരത്തിൽ പ്രാങ്ക് ചെയ്തതെന്നും പറയുകയാണ് നടൻ.

 

‘കുറച്ചുകാലം മുൻപ് കസിൻസ് സിനിമ ചെയ്യുന്ന സമയത്ത്, അതിൽ അച്ഛനെ ഇമിറ്റേറ്റ് ചെയ്യുന്ന ചെറിയ ഒരു രംഗം ഉണ്ടായിരുന്നു. സുരാജ് പണ്ട് സ്ഥിരമായി അച്ഛനെ സ്റ്റേജിൽ അനുകരിക്കാറുണ്ടായിരുന്നു. എനിക്ക് കുറച്ചൊക്കെ അച്ഛന്റെ ശബ്ദം വരും. ആ ചിത്രത്തിന് വേണ്ടി ഞാനും സുരാജും പ്രാക്ടീസ് ചെയ്ത് അച്ഛന്റെ ശബ്ദം അനുകരിക്കാൻ പഠിച്ചു. അത് കഴിഞ്ഞ് ഒരു കൊല്ലമൊക്കെ കഴിഞ്ഞിട്ടാണെന്ന് തോന്നുന്നു, അമ്മയെ വെറുതെ കളിപ്പിക്കാൻ വേണ്ടി രാത്രി അമ്മ ഉറങ്ങുന്ന സമയത്ത് വിളിച്ച് ഞാൻ സംസാരിച്ചത്. ഹലോ മല്ലികേ… ഇത്ര നേരത്തെ നീ കിടന്നോ, ഞാൻ ഇപ്പോഴും ഉണർന്നിരിക്കുകയല്ലേ (അനുകരിക്കുന്നു) എന്നാണു അമ്മയോട് പറഞ്ഞത്.’

കൗമുദി മൂവീസിനു മല്ലിക നൽകിയ അഭിമുഖത്തിലാണ് ഈ സംഭവത്തെ കുറിച്ച് ആദ്യമായി പായുന്നത്. പിന്നീട് ഇന്ദ്രജിത്തിനോട് ഈ പ്രാങ്ക് കോളിനെ കുറിച്ച് അവതാരകൻ ചോദിക്കുകയായിരുന്നു. അപ്പോഴാണ് മല്ലികയെ സുകുമാരന്റെ ശബ്ദം അനുകരിച്ച് പറ്റിച്ച കാര്യം ഇന്ദ്രജിത്ത് രസകരമായി വിവരിക്കുന്നത്.

ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു കസിൻ എന്ന സിനിമയിലഭിനയിച്ചത്. റൊമാന്റിക് കോമഡി ട്രാക്ക് കൈകാര്യം ചെയ്ത ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു.

പത്താം വളവാണ്‌ ഇന്ദ്രജിത്തിന്റെ റിലീസായ പുതിയ ചിത്രം. ഈ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നടനെത്തിയത്. ഒരുപാട് പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഈ കഥാപാത്രം ഇമോഷണൽ ഡെപ്ത്ത് ഉള്ളതാണെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, അതിഥി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlight: Indrajith pranks Mallika Sukumaran