ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവന്‍ തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്. ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്ന സമയത്ത് തങ്ങള്‍ എല്ലാവരും ചെറുപ്പമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘സമപ്രായക്കാരായ നാലഞ്ച് പേര് ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ഭയങ്കര എനര്‍ജിയുണ്ടാകും. അത് ലൊക്കേഷനില്‍ നല്ല പോലെ ഉണ്ടായിരുന്ന ഒരു സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. ഒരുപാട് ഉറക്ക കുറവും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ആയി മള്‍ട്ടിപിള്‍ ഡേയ്‌സ് ഷൂട്ട് ചെയ്ത സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. പക്ഷേ ആ ഒരു ഗ്യാങ്ങുള്ളത് കൊണ്ട് അതൊന്നും അറിഞ്ഞില്ല.
ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ പഠിച്ച സ്വന്തം കോളേജ് വിട്ട് പോകുന്ന ഒരു ഫീലായിരുന്നു തങ്ങള്‍ക്കെന്നും ഇന്ദ്രജിത്ത് പറഞ്ഞു. തങ്ങള്‍ എല്ലാവരും ഏകദേശം ഒരേ സമയത്ത് വന്ന അഭിനേതാക്കളായിരുന്നുവെന്നും മറക്കാന്‍ പറ്റാത്ത രണ്ട് മാസക്കാലമായിരുന്നു ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിങ്ങെന്നും നടന്‍ പറഞ്ഞു.
ആ സിനിമയില്‍ കാണുന്ന എല്ലാ രസങ്ങളും ലൊക്കേഷനിലുണ്ടായിരുന്നുവെന്നും ക്ലാസ്‌മേറ്റിന് ശേഷം റീയൂണിയന്‍ പിന്നീട് ഒരു ട്രെന്‍ഡായി മാറിയിരുന്നുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlight: Indrajith is sharing his memories of the movie Classmates