ഇന്ദ്രജിത്തും ലിജോ ജോസ് പെല്ലിശ്ശേിരിയും വീണ്ടും ഒന്നിക്കുന്നു. ഇന്നലെ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ലിജോ മറ്റൊരു സിനിമയുമായി തങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നല്‍കിയത്. 2015ല്‍ പുറത്തിറങ്ങിയ ഡബിള്‍ ബാരലിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നത്.
‘ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിള്‍ ബാരല്‍ ആയിരുന്നു. എന്റെ അടുത്ത സിനിമയില്‍ ഒരു സര്‍പ്രൈസിനായി നമ്മള്‍ കൈകോര്‍ക്കുന്നു. ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍’ എന്ന അടികുറിപ്പോടെയാണ് ലിജോ പോസ്റ്റ് പങ്കുവെച്ചത്.
ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തിയ നായകന്‍ ആണ് ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ നായകന്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ആമേനില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഫാദര്‍ വിന്‍സന്റ് വട്ടോളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ഈ കൂട്ടുക്കെട്ട് ഒന്നിക്കുമ്പോള്‍ ആമേന്‍ പോലൊരു ക്ലാസിക് സംഭവിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മോഹന്‍ലാല്‍ നായകനായെത്തിയ മലൈക്കോട്ടൈ വാലിബന്‍ ആണ് ലിജോയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോകസ് ഓഫീസില്‍ പരാജയമായി തീര്‍ന്ന ചിത്രം ലിജോയുടെ കരിയറിലെ മോശം സിനിമയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അതേസമയം ധീരം ആണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ തിയേറ്ററുകൡലെത്തിയ ചിത്രം. നവാഗതനായ ജിതിന്‍ സുരേഷ്.ടി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തിയിരുന്നത്.
Content Highlight: Indrajith and Lijo Jose Pellissery are coming together again