ഇൻഡോർ മരണം; ദുരന്തത്തിന് ഉത്തരവാദി മധ്യപ്രദേശ് സർക്കാറെന്ന് രാഹുൽ ഗാന്ധി
India
ഇൻഡോർ മരണം; ദുരന്തത്തിന് ഉത്തരവാദി മധ്യപ്രദേശ് സർക്കാറെന്ന് രാഹുൽ ഗാന്ധി
ശ്രീലക്ഷ്മി എ.വി.
Saturday, 17th January 2026, 3:54 pm

ഭോപ്പാൽ: ഇൻഡോർ ജലമലിനീകരണത്തെ തുടർന്നുണ്ടായ മരണങ്ങളിൽ മധ്യപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.

ദുരന്തത്തിന് ഉത്തരവാദി സർക്കാരാണെന്നും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിലെ മലിനജലം കുടിച്ച് 24 പേരായിരുന്നു മരണപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കളെ ഇന്ന് (ശനി) ഭഗീരത്പൂരിൽ വെച്ച് രാഹുൽ ഗാന്ധി സന്ദർശിച്ചു.

നേരത്തെ രാഹുൽ ഗാന്ധിക്ക് ഇൻഡോർ സന്ദർശനത്തിന് അനുമതിയില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിൽ മൂന്ന് മണിക്കൂർ പ്രദേശത്തെ ആളുകളുമായി സംവദിക്കാനുള്ള അനുമതി നൽകി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം.

ആറുമാസം പ്രായമായ കുട്ടിയടക്കം മരിച്ച ദുരന്തമാണുണ്ടായതെന്നും ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങൾ വാഗ്‌ദാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് സർക്കാർ കൃത്യമായി ഉത്തരവാദിത്തം നിറവേറ്റാത്തതാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തമുണ്ടായ പ്രദേശത്ത് ടാങ്കുകളിലാണ് ജലം വിതരണം ചെയ്യുന്നതെന്നും അതിനർത്ഥം ഇപ്പോഴും ശുദ്ധജലം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ സന്ദർശനം രാഷ്ട്രീയവത്കരിക്കരുതെന്നും താൻ പ്രതിപക്ഷ നേതാവാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണ് ഉയർത്തികാട്ടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

മലിനജലം കുടിച്ച് ഇൻഡോറിലെ ഭഗീരഥ്‌പുരയിൽ 18 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് എം.പിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശ് ഹൈക്കോടതി സിറ്റിങ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

‘ഇൻഡോർ സംസ്ഥാനത്തെ ഏറ്റവും വികസിതമായ നഗരമാണ്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരവും. എന്നാൽ അതേ നഗരത്തിലാണ് മലിന ജലം കുടിച്ച് 18 പേർ മരിച്ചത്. മരണസംഖ്യ ഉയർന്നതോടെ എല്ലാവരും ഉത്തരവാദിത്തം ഓരോരുത്തരുടെ തലയിൽ കെട്ടിവെക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഞാൻ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നു,’ ദിഗ് വിജയ് പറഞ്ഞു.

കഴിഞ്ഞ മാസം 31 നായിരുന്നു ഇൻഡോറിലെ ഭഗീരഥ്‌പുരയിൽ മലിനജലം കുടിച്ച് 24 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തത്.

ആറുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ള 24 പേരാണ് മരിച്ചത്. 1,400-ലധികം ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlight: Indore death; duty not fulfilled; government responsible for tragedy: Rahul Gandhi

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.