ന്യൂദല്‍ഹി: വൃത്തിഹീനമായ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്നെന്ന പരാതിയില്‍ ഇന്‍ഡിഗോ എയര്‍ ലൈനിന് ഒന്നര ലക്ഷം രൂപ പിഴ. യാത്രക്കാരി അനുഭവിച്ച ശാരീരിക- മാനസിക വേദനകളും അസ്വസ്ഥതയും കണക്കിലെടുത്ത് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന് ആരോപിച്ച് ദല്‍ഹി സ്വദേശിയായ പിങ്കിയാണ് പരാതി നല്‍കിയത്. ന്യൂദല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പൂനം ചൗധരി, അംഗങ്ങളായ ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവര്‍ പരാതിയില്‍മേല്‍ വാദം കേട്ടു.
യാത്രക്കിടെ സീറ്റിന് വൃത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ വേണ്ട ഗൗരവത്തില്‍ എയര്‍ലൈന്‍സ് അത് സ്വീകരിച്ചില്ലെന്നും അവഗണിച്ചെന്നും പരാതിക്കാരി പറഞ്ഞു. യാത്രക്കിടെ പിങ്കി നേരിടുന്ന പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും അവര്‍ക്ക് മറ്റൊരു സീറ്റ് അനുവദിച്ചതായും ആ സീറ്റില്‍ ഇരുന്നാണ് അവര്‍ യാത്ര പൂര്‍ത്തിയാക്കി ദല്‍ഹിയിലേക്കെത്തിയതെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
ഇന്നലെ (ജൂലൈ 9) പുറത്തിറക്കിയ ഉത്തരവില്‍ ഇന്‍ഡിഗോ സേവനത്തില്‍ പോരായ്മകള്‍ വരുത്തിയിട്ടുണ്ടെന്നും കുറ്റാക്കാരാണെന്നും ഫോറം പറഞ്ഞു. എയര്‍ലൈന്‍സിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോറം പറഞ്ഞു.
‘പരാതിക്കാരി അനുഭവിച്ച അസ്വസ്ഥതയും ശാരീരിക, മാനസിക വേദനയും സംബന്ധിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതനുസരിച്ച് മാനസിക വേദന, ശാരീരിക വേദന, പീഡനം എന്നിവയ്ക്ക് നഷ്ടപരിഹാരമായി എതിര്‍ കക്ഷിയോട് 1.5 ലക്ഷം രൂപ നല്‍കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു,’ ഫോറം വ്യക്തമാക്കി. ഇതുകൂടാതെ കേസ് നടത്തിയതിന്റെ ചെലവായി 25,000 രൂപ നല്‍കാനും എയര്‍ലൈന്‍സിനോട് ഉത്തരവിട്ടു.