ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരെ ജീവിക്കാന്‍ അനുവദിക്കണം; മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയക്ക് എതിരെ പ്രധാനമന്ത്രിമാര്‍ക്ക് മലയാളി മാധ്യമപ്രവര്‍ത്തകന്റെ കത്ത്
World
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരെ ജീവിക്കാന്‍ അനുവദിക്കണം; മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയക്ക് എതിരെ പ്രധാനമന്ത്രിമാര്‍ക്ക് മലയാളി മാധ്യമപ്രവര്‍ത്തകന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 1:35 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ പരിപാടിയില്‍ ആശങ്ക അറിയിച്ച് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി.

ഭയരഹിതരായി ജീവിക്കാന്‍ അനുവദിക്കണമെന്ന് തിരുവല്ലം ഭാസി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. ഞായറാഴ്ച മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ റാലി നടക്കാനിരിക്കെയാണ് മാധ്യമപ്രവര്‍ത്തകന്റെ കത്ത്.

ആഗസ്റ്റ് 31ന് ശേഷവും ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാര്‍ക്ക് ഭയരഹിതമായി ജീവിക്കാനും ജോലി ചെയ്യാനും അവസരം ഒരുക്കണമെന്ന് തിരുവല്ലം ഭാസി കത്തിലൂടെ ആവശ്യപ്പെടുന്നു. ഇരുപത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സ്ഥിരതമാസമാണ് തിരുവല്ലം ഭാസി.

ഞായറാഴ്ച നടത്തുന്ന ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ സമരപരിപാടിയുടെ ബ്രോഷറുകളില്‍ ഇന്ത്യയെ പ്രത്യേകം പരാമര്‍ശിച്ചത് കൊണ്ട് മാത്രമാണ് ഇത്തരമൊരു കത്ത് എഴുതുന്നതെന്നും ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശികള്‍ നിയമ വിരുദ്ധമായി ഓസ്‌ട്രേലിയയില്‍ കുടിയേറിയവര്‍ അല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്ക് മികച്ചവരെ ആവശ്യമുള്ളതുകൊണ്ട് തന്നെയാണ് ആരോഗ്യമേഖല, എഞ്ചിനീയറിങ്, ഐ.ടി, ഷെഫ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്ക് സ്ഥിരതാമസ വിസ നല്‍കിയതും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നതെന്നും തിരുവല്ലം ഭാസി തന്റെ കുറിപ്പില്‍ പറയുന്നു.

‘നിങ്ങളുടെ ശുചി മുറികള്‍ വൃത്തിയാക്കാനും നഴ്സിംഗ് ഹോമുകളില്‍ കഴിയുന്ന നിങ്ങളുടെ മാതാപിതാക്കളെ പരിചരിക്കാനും കഴിവും പ്രാപ്തിയും ഉള്ളവരെ ആവശ്യമുള്ളത് കൊണ്ടാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. കോടികള്‍ ലാഭമുണ്ടാക്കുന്ന ഇവിടുത്തെ യൂണിവേഴ്സിറ്റികളില്‍ ഉപരി പഠനത്തിനായി ഞങ്ങളുടെ കുട്ടികള്‍ സ്വന്തം വീടും പറമ്പും ബാങ്കുകളില്‍ പണയപെടുത്തിയാണ് നിങ്ങള്‍ ഇവിടെ സ്റ്റുഡന്‍സ് വിസയില്‍ കൊണ്ട് വരുന്നത്.

അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെ ഭയരഹിതമായി ജീവിക്കാനും പഠിക്കാനും,ജോലി ചെയ്യാനും അവസരമുണ്ടാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു’, തിരുവല്ലം ഭാസി തന്റെ കത്തില്‍ അക്കമിട്ട് പറയുന്നതിങ്ങനെ. കത്തിന്റെ പകര്‍പ്പ് ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാര്‍ക്ക് അയച്ചിട്ടുണ്ട്.

മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ എന്ന സംഘടനയാണ് സോഷ്യല്‍മീഡിയയിലൂടെ ‘ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയക്കാര്‍ക്ക് വേണ്ടി തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് കുടിയേറ്റക്കാര്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

കുടിയേറ്റം നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍,പെര്‍ത്ത്,അഡ്‌ലൈഡ്, കാന്‍ബറ എന്നിവിടങ്ങളിലാണ് ഞായറാഴ്ച റാലി സംഘടിപ്പിക്കുന്നത്. സുരക്ഷയെ സംബന്ധിച്ച് ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശികളില്‍ റാലി കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 

Content Highlight: Indians should be allowed to live in Australia; Malayali journalist’s letter