ടെഹ്‌റാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം; യാത്ര അര്‍മേനിയ അതിര്‍ത്തി വഴി
national news
ടെഹ്‌റാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം; യാത്ര അര്‍മേനിയ അതിര്‍ത്തി വഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2025, 4:33 pm

ന്യൂദല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശം. ഇന്ന് തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്നാണ് നിര്‍ദേശം. അര്‍മേനിയ അതിര്‍ത്തി വഴി രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

അര്‍മേനിയയ്ക്ക് പുറമെ കസാഖിസ്ഥാന് വഴിയും ഉസ്‌ബെക്കിസ്ഥാന്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇറാന്‍ വിടുന്ന ഇന്ത്യക്കാര്‍ക്കൊപ്പം വേറെ വിദേശ പൗരന്മാര്‍ ഉണ്ടാകാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് വീടുകളില്‍ തന്നെ തുടരാനും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്ത് ഇറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായ അറിയിപ്പുകള്‍ക്കായി കാത്ത് നില്‍ക്കാനും നിര്‍ദേശമുണ്ട്.

ഇസ്രഈലുമായുള്ള സംഘര്‍ഷം ആരംഭിച്ചതോടെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇത് രാജ്യത്തെ വിദേശികളുടെ സുരക്ഷയെപ്പറി ആശങ്ക ഉയര്‍ത്തിയിരുന്നു. 2022ലെ കണക്ക് അനുസരിച്ച് 2000ത്തിലധികം വിദ്യാര്‍ത്ഥികളടക്കം 10000 ഇന്ത്യന്‍ പൗരന്മാരാണ് ഇറാനിലുള്ളത്.

ഇറാനിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഇതിനകം ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളേയും മറ്റുള്ളവരേയും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ടെഹ്‌റാനിലെ ഹോസ്റ്റലിന് നേരെ സ്‌ഫോടനമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നിസാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എസ്. ജയശങ്കറെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിലെ വിദ്യാര്‍ത്ഥികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Indians ordered to evacuate from Tehran; Travel via Armenia border