എഡിറ്റര്‍
എഡിറ്റര്‍
‘സിനിമ കല മാത്രമല്ല, രാഷ്ട്രീയ ആയുധം കൂടിയാണ്’; ഹിന്ദു മതം ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദു മതത്തില്‍ നിന്നും പുറത്തു വരണമെന്നും പാ രഞ്ജിത്ത്
എഡിറ്റര്‍
Monday 6th November 2017 5:20pm

ചെന്നൈ: ജാതിയില്ലാ സമൂഹമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്. ഡിജിറ്റല്‍ ഇന്ത്യയില്‍ ജാതിയുടെ പേരില്‍ തിരിച്ചറിയപ്പെടുന്നതു പിന്നോട്ടു പോക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രജനി കാന്ത് നായകനായ കബാലിയുടെ സംവിധായകനാണ് രഞ്ജിത്ത്. നേരത്തെയും തന്റെ നിലപാടിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ഇദ്ദേഹം.

ജാതിയാണ് ഇന്ത്യന്‍ ജനതയെ വേര്‍തിരിക്കുന്നതെന്നും ജാതിശക്തിയെ രാഷ്ട്രീയക്കാരും രുചിയോടെ ആസ്വദിക്കുകയാണെന്നും രഞ്ജിത്ത് പറയുന്നു. അതേസമയം താന്‍ അംബേദ്ക്കറെ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ ഹിന്ദു എന്ന മതം ആവിശ്യമില്ല എന്നാണ് താനും വിശ്വസിക്കുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഇന്ത്യക്കാര്‍ ഹിന്ദുത്വത്തില്‍ നിന്നും പുറത്തു വരണമെന്നു പറഞ്ഞ രഞ്ജിത്ത്. ദളിതരെയും ആബ്രാഹ്മണരെയും ക്ഷേത്രങ്ങളില്‍ പൂജാരിമാരാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ധീരമാണെന്നും അഭിപ്രായപ്പെട്ടു. അംബേദ്കര്‍ ആരാധകനായ താന്‍ അംബേദ്കറിസം പോലെ കമ്യൂണിസത്തെയും ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

തമിഴ്നാട്ടില്‍ ഇതിനായി നിയമം ഉണ്ടാക്കി 15 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപ്പാക്കാനുള്ള ധൈര്യം സര്‍ക്കാരുകളും പാര്‍ട്ടികളും കാണിച്ചില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.

സിനിമകളെപോലും അസഹിഷ്ണുതയോടെ കാണുന്ന രാഷ്ട്രീയസംസ്‌കാരം ഇന്ത്യയില്‍ വളരുന്നുവെന്നു പറഞ്ഞ രഞ്ജിത്ത്, സിനിമ ഒരു കാല മാത്രമല്ലെന്നും അതൊരു രാഷ്ട്രീയ ആയുധം കൂടിയായി മാറുന്നുണ്ടെന്നും വ്യക്തമാക്കി.

മലയാളികളെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന പറഞ്ഞ രഞ്ജിത്ത് അയ്യന്‍കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കി ചെയ്യാനുള്ള തന്റെ ആഗ്രഹവും വ്യക്തമാക്കി.


Also Read: ‘ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്, ഇവിടെ ജാതിവിവേചനമുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ സമ്മതിക്കണം’; വേദിയില്‍ പൊട്ടിത്തെറിച്ച് പാ രഞ്ജിത്ത്, വീഡിയോ


നേരത്തെ, അരിയാളൂരില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനിയായ അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വ്യാപ്തി പകരുന്ന പ്രതികരണവുമായി പാ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു.

രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത കബാലിയിലൂടെ പ്രശസ്തനായ രഞ്ജിത്ത് ദളിത് വിഷയങ്ങളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നയാളാണ്. രഞ്ജിത്ത് ദളിത് കുടുംബത്തില്‍ നിന്നായാളുമാണ്.

ചെന്നൈയില്‍ ഒരു പരിപാടിക്കിടെ അനിതയുടെ ആത്മഹത്യയെ ദളിത് വിഷയമായി ഉയര്‍ത്തി കൊണ്ടു വരേണ്ടതില്ലെന്ന സംവിധായകന്‍ അമീറിന്റെ പ്രസ്താവനയ്ക്കെതിരെ അതേ വേദിയില്‍ പൊട്ടിത്തെറിച്ചു കൊണ്ട് രഞ്ജിത്ത് മറുപടി നല്‍കുകയായിരുന്നു. അമീര്‍ സംസാരിച്ചു കൊണ്ടിരിക്കെ മൈക്ക് കയ്യിലെടുത്തായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

‘ ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്. ഗ്രാമങ്ങളില്‍ ഇന്നും ചേരി തിരിവുണ്ട്. ദളിതര്‍ക്ക് വേറെയിടമാണ് എല്ലായിടത്തും. ഞാനിന്നും ഒരു ചേരിയിലാണ് ജീവിക്കുന്നത്. ഈ വേര്‍തിരിവില്ലാത്ത ഒരു ഗ്രാമമെങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ?’ എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. രഞ്ജിത്തിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. നിരവധി പേര്‍ സംഭവത്തിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്ത് രംഗത്തെത്തിയിരുന്നു.

രഞ്ജിത്തിന്റെ ചിത്രമായ കബാലിയിലും ദളിത് വിഷയം വിശദമായി തന്നെ ചര്‍ച്ച ചെയ്തിരുന്നു.

Advertisement