അനാവശ്യ യാത്രകൾ ഒഴിവാക്കുക: ഇസ്രഈലിലും ഇറാനിലുമുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി
national news
അനാവശ്യ യാത്രകൾ ഒഴിവാക്കുക: ഇസ്രഈലിലും ഇറാനിലുമുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2025, 9:29 am

ന്യൂദൽഹി: ടെഹ്‌റാനിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായതിനാൽ, ഇറാനിലെയും ഇസ്രഈലിലെയും ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസികൾ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് എംബസികൾ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളിലെയും ഹൈക്കമ്മീഷനുകൾ ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയുക്ത സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തന്നെ തുടരാനും ഇസ്രഈലിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കാനും എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു.

‘മേഖലയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇസ്രഈലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും ഇസ്രഈൽ അധികൃതരുടെയും ഹോം ഫ്രണ്ട് കമാൻഡിന്റെയും നിർദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക,’ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചതായി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഉപദേശം പുറപ്പെടുവിച്ചത്. ടെഹ്‌റാനിലെ ആണവ പദ്ധതി താളം തെറ്റിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നതാൻസിലെ പ്രധാന കേന്ദ്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി നെതന്യാഹു അവകാശപ്പെട്ടിരുന്നു.

അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷ്യനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയാണ് മരിച്ചത്. ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പെട്ടത്.

ഇറാനില്‍ ഇസ്രഈല്‍ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തങ്ങള്‍ പൂര്‍ണമായും സജ്ജരെന്ന് ഹൊസൈന്‍ സലാമി പ്രതികരിച്ചിരുന്നു. ഹൊസൈന്‍ സലാമിയുടെ മരണത്തിന് പിന്നാലെ സയണിസ്റ്റ് ശത്രുവും അമേരിക്കയും വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ വക്താവ് ജനറല്‍ ഷെകാര്‍ച്ചി പ്രതികരിച്ചു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഇറാന്‍ ശക്തമായ പ്രതിരോധം അഴിച്ചുവിടുമെന്നും ജനറല്‍ ഷെകാര്‍ച്ചി പറഞ്ഞു.

Content Highlight: Indians in Israel advised to avoid unnecessary travel, stay vigilant