വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ യു.എസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ മഹാബൂബ് നഗറില്‍ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീന്‍ (29) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം.
സഹതാമസക്കാരുമായുണ്ടായ തര്‍ക്കമാണ് നിസാമുദ്ദീന്റെ മരണത്തിന് കാരണമായത്. നിസാമുദ്ദീന്‍ കത്തി ഉപയോഗിച്ച് സഹതാമസക്കാരെ ആക്രമിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിസാമുദ്ദീന്‍ മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഹതാമസക്കാരന്‍ ചികിത്സയിലാണെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്നോടിയായി തന്നെ വാക്കുതര്‍ക്കം അക്രമത്തിലേക്ക് എത്തിയിരുന്നതായാണ് യു.എസ് പൊലീസ് നല്‍കുന്ന വിശദീകരണം.
പൊലീസിനും സഹതാമസക്കാര്‍ക്കും നേരെ വീണ്ടും ഭീഷണി ഉയര്‍ത്തിയതോടെ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും വെടിയുതിര്‍ക്കേണ്ട സാഹചര്യമുണ്ടായെന്നും സാന്താ ക്ലാര പൊലീസ് മേധാവി കോറി മോര്‍ഗന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
This morning, Chief Morgan held a news conference to discuss the September 3, 2025 officer involved incident. We’re sharing Chief Morgan’s news conference with the community. The investigation is ongoing and no further details are available at this time. pic.twitter.com/8IvbOQOVk6
എന്നാല്‍ മകന്‍ മരിച്ച വിവരം ഇന്നലെ (വ്യാഴം)യാണ് അറിഞ്ഞതെന്ന് യുവാവിന്റെ കുടുംബം പറയുന്നു. മകന്റെ ഒരു സുഹൃത്ത് വഴിയാണ് വിവരം അറിഞ്ഞതെന്നും മരണത്തിന്റെ കാരണം വ്യക്തമല്ലെന്നും നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ് ഹസ്‌നുദ്ദീന്‍ പറഞ്ഞു.
പൊലീസിനെ ആദ്യം സമീപിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറയുന്നു. മകനെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിസാമുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് ഹസ്‌നുദ്ദീന്‍ കത്തയക്കുകയും ചെയ്തു. വാഷിങ്ടണിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് യുവാവിന്റെ കുടുംബം അടിയന്തിര സഹായങ്ങള്‍ തേടിയിട്ടുണ്ട്.
നിലവില്‍ സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും സാന്താ ക്ലാര പൊലീസ് ഡിപ്പാര്‍ട്ട്മെന്റും അന്വേഷണം തുടരുകയാണ്. അതേസമയം പൊലീസ് നല്‍കിയ വിശദീകരണത്തില്‍, കുറഞ്ഞത് ഒരു ജീവനെങ്കിലും രക്ഷിക്കാനായെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് പറയുന്നത്.
Content Highlight: Indian techie shot dead by police in US