വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തന്നെ തുടരണം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്: കിര്‍ഗിസ്ഥാന്‍ സംഭവത്തില്‍ എസ്. ജയശങ്കര്‍
World News
വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തന്നെ തുടരണം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്: കിര്‍ഗിസ്ഥാന്‍ സംഭവത്തില്‍ എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 1:10 pm

ന്യൂദല്‍ഹി: കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ തന്നെ തുടരാന്‍ നിർദേശം നല്‍കി ഇന്ത്യന്‍ എംബസി. കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കെക്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആള്‍ക്കൂട്ട അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്ഥാനും പുതിയ നിർദേശം മുന്നോട്ട് വെച്ചത്.

മെയ് 13 നാണ് പ്രാദേശിക വിദ്യാര്‍ത്ഥികളും ഈജിപ്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വീഡിയോ വൈറലായതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ ഹോസ്റ്റലുകളിലായിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

‘ഇതുവരെ, ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകളും പാകിസ്ഥാനികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വസതികളും ആക്രമിക്കപ്പെട്ടു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്നത്,’ പാകിസ്ഥാന്‍ എംബസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പാകിസ്ഥാനിലുള്ള 250-ലധികം വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ബന്ധപ്പെടാന്‍ എംബസിക്ക് കഴിഞ്ഞെന്നും അക്രമം പാകിസ്ഥാനെതിരെ മാത്രമല്ല എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ളതാണെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നുണ്ട്, സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്, പക്ഷേ വിദ്യാര്‍ത്ഥികളോട് തല്‍ക്കാലം വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്,’ എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 14,500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിര്‍ഗിസ്ഥാനില്‍ താമസിക്കുന്നുണ്ട്. ബിഷ്‌കെക്കിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ ബിഷ്‌കെക്കിലെ പ്രാദേശിക പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്ന് കിര്‍ഗിസ്ഥാനിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഹസന്‍ സൈഗാം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പാകിസ്ഥാന്‍ അംബാസിഡർ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Content Highlight: Indian students in Kyrgyzstan advised to stay indoors amid mob attacks, Jayasankar says