ന്യൂദല്‍ഹി: ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടപടിയുമായി വിദേശകാര്യ മന്ത്രാലയം.
ഏതാനും വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇറാനിലെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനുള്ള കൂടുതല്‍ ഓപ്ഷനുകള്‍ പരിശോധിക്കുകയാണെന്നും ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇറാനിലുടനീളമുള്ള നേതാക്കളുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ (ഞായര്‍) ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥികളെ കുറിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് വിവരം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിലെ വിദ്യാര്‍ത്ഥികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.
ജമ്മു കശ്മീരില്‍ നിന്നുള്ള 1,500ലധികം വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കന്നതായാണ് വിവരം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായും ഇറാന്റെ തലസ്ഥാനനഗരമായ ടെഹ്റാന്‍, ഷിറാസ്, കോം നഗരങ്ങളിലാണ് കഴിയുന്നത്. ഇവരില്‍ പലരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ടെഹ്റാനിലെ ഹോസ്റ്റലിന് നേരെ സ്ഫോടനമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നിസാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ല എസ്. ജയശങ്കറെ സമീപിച്ചത്.
അതേസമയം ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്നും പുറത്തെ സഞ്ചാരം പരിമിതപ്പെടുത്തണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി ഒരു ടെലിഗ്രാം ലിങ്കും കൈമാറിയിട്ടുണ്ട്.