ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെകുറിച്ച് ഞാന്‍ ചിന്തിക്കുന്നുപോലുമില്ല: ഹര്‍ദിക് പാണ്ഡ്യ
Sports News
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെകുറിച്ച് ഞാന്‍ ചിന്തിക്കുന്നുപോലുമില്ല: ഹര്‍ദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th April 2022, 2:58 pm

ഐ.സി.സി ടി-20 ലോകകപ്പ് വരാനിരിക്കെ ബോള്‍ഡായ പരാമര്‍ശവുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യ. താനിപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

ഐ.പി.എല്ലില്‍ മിന്നുന്ന ഫോം തുടരവെയാണ് പാണ്ഡ്യ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

‘ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല, ഇപ്പോള്‍ കളിക്കുന്ന മത്സരത്തിലാണ് ഞാന്‍ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നത്,’ എന്നാണ് ഹര്‍ദിക് പറയുന്നത്.

‘ഈ നിമിഷത്തില്‍ ഞാനിപ്പോള്‍ ഗുജറാത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഞാനത് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. നമുക്ക് നോക്കാം ഭാവി എന്താവുമെന്ന്.

ഞാനിപ്പോള്‍ കളിക്കുന്ന ടീമിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്, അതില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതും. ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നത്, അതില്‍ ഞാന്‍ വളരെയധികം സന്തോഷവാനുമാണ്,’ പാണ്ഡ്യ പറയുന്നു.

ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറാണെങ്കില്‍ക്കൂടിയും ഏറെ നാള്‍ താരത്തിന് ബൗള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന പുറം വേദനയും പരിക്കിനെ തുടര്‍ന്നുണ്ടായ മോശം ഫോമും കാരണം താരം കഴിഞ്ഞ ടി-20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല.

ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സും താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇതോടെയാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തുന്നതും നായകസ്ഥാനമേറ്റെടുക്കുന്നതും.

ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന്റെ ചെറിയ പരിചയക്കുറവും പ്രഷര്‍ സിറ്റ്വേഷനില്‍ അല്‍പം അഗ്രസീവായി കാര്യങ്ങളെ സമീപിക്കുന്നതുമൊഴിച്ചാല്‍ ഹര്‍ദിക് ഒരു നല്ല ക്യാപ്റ്റന്‍ തന്നെയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ക്യാപ്റ്റന്‍ എന്ന ചുമതലയ്ക്ക് പുറമെ ഓള്‍റൗണ്ടറായും താരം ഐ.പി.എല്ലില്‍ ആഞ്ഞടിക്കുന്നുണ്ട്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ് നിലവില്‍ താരം. പട്ടികയിലെ ഓപ്പണറല്ലാത്ത ബാറ്ററും ഹര്‍ദിക് മാത്രമാണ്.

ഐ.പി.എല്ലിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് ഏറ്റവും സാധ്യത കല്‍പിക്കുന്ന താരം കൂടിയാണ് ഹര്‍ദിക്.

 

Content Highlight:  Indian Star Allrounder Hardik Pandya says he is not thinking about playing for India