ഇന്ത്യന്‍ സ്പിന്നര്‍ കരണ്‍ ശര്‍മ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. യു.പി ടി-20 ലീഗിലെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് പിന്നാലെയാണ് കരണ്‍ ശര്‍മ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കാണ്‍പൂര്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റെ താരമായ കരണ്‍ ഓഗസ്റ്റ് 25ന് തന്റെ അവസാന മത്സരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്ക് വേണ്ടി 2014ല്‍ അരങ്ങേറ്റം കുറിച്ച താരത്തിന് വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ സാധിച്ചത്. രണ്ട് ഏകദിനത്തിലും ഓരോ വീതം ടി-20, ടെസ്റ്റ് മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. ടെസ്റ്റില്‍ നാല് വിക്കറ്റും ടി-20യില്‍ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
2007ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഐതിഹാസികമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച കരണ്‍ 270 വിക്കറ്റുകളും 123 ലിസ്റ്റ് എ മത്സരങ്ങളില്‍ 153 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 191 ടി-20 മത്സരങ്ങളില്‍ നിന്നായി 168 വിക്കറ്റുകളും താരം വീഴ്ത്തി.
ഐ.പി.എല്ലില്‍ പല ടീമുകള്‍ക്കൊപ്പം ചാമ്പ്യനായ കരണിന്റെ പേരില്‍ അപൂര്‍വമായൊരു റെക്കോഡുമുണ്ട്. 2009ലാണ് താരം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്, എന്നാല്‍ ഒറ്റ കളി മാത്രമായിരുന്നു അന്ന് കരണിന് കളിക്കാനായത്.
പിന്നീട് 2013ലായിരുന്നു താരത്തിന്റെ മടങ്ങിവരവ്.ഇതിന് ശേഷം മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം മൂന്ന് കിരീടമാണ് കരണ്‍ നേടിയത്. ഐ.പി.എല്ലില്‍ ഹാട്രിക്ക് കിരീടം നേടുന്ന ആദ്യ താരമാണ് കരണ്‍. പിന്നീട് സി.എസ്.കെ 2021ല്‍ കപ്പടിച്ചപ്പോഴും കരണ്‍ ടീമിലുണ്ടായിരുന്നു.
2016ലായിരുന്നു താരത്തിന്റെ ആദ്യ കിരീട നേട്ടം. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ കീഴില്‍ ഹൈദരാബാദ് കപ്പുയര്‍ത്തുമ്പോള്‍ സണ്‍റൈസേഴ്സിനൊപ്പമായിരുന്നു കരണ്‍ ശര്‍മ. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തിയായിരുന്നു ഓറഞ്ച് ആര്‍മി കിരീടം നേടിയത്.
പിന്നീട് 2017ല്‍ കരണ്‍ ശര്‍മയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ്സിനെ തകര്‍ത്താണ് മുംബൈ കപ്പുയര്‍ത്തിയത്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കായിരുന്നു കരണ്‍ തന്റെ തട്ടകം മാറ്റിയത്.
2015ന് ശേഷം രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെത്തിയ സി.എസ്.കെ ആ വര്‍ഷം ചാമ്പ്യന്മാരാകുകയായിരുന്നു. ഹൈദരാബാദിനെ വീഴ്ത്തിയായിരുന്നു ചെന്നൈയുടെ കിരീട നേട്ടം. പിന്നീട് സി.എസ്.കെ 2021ല്‍ കപ്പടിച്ചപ്പോഴും കരണ്‍ ടീമിലുണ്ടായിരുന്നു.
ഐ.പി.എല്ലിലെ പല കിരീടനേട്ടങ്ങളിലും പങ്കാളിയായ കരണിനെ ലക്കി ചാമായി ആരാധകര്‍ വാഴ്ത്തിയിരുന്നു.
Content Highlight: Indian spinner Karan Sharma retired from cricket