പാകിസ്ഥാന് വേണ്ടി ചാരപ്പണി; ഇന്ത്യന്‍ സൈനികന്‍ അറസ്റ്റില്‍
India
പാകിസ്ഥാന് വേണ്ടി ചാരപ്പണി; ഇന്ത്യന്‍ സൈനികന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 9:42 am

ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐ.എസ്.ഐ) രഹസ്യ സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ സൈികന്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ (എസ്.എസ്.ഒസി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പഞ്ചാബ് പൊലീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതി സംഗ്രൂര്‍ ജില്ലയിലെ നിഹല്‍ഗഡ് ഗ്രാമത്തില്‍ താമസിക്കുന്ന ദേവീന്ദര്‍ സിങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ 14 ന് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്ത മുന്‍ സൈനികന്‍ ഗുരി എന്നറിയപ്പെടുന്ന ഫൗജി ഗുര്‍പ്രീത് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് ദേവീന്ദറിന്റെ അറസ്റ്റ്. സൈനിക രേഖകള്‍ കൈക്കലാക്കുന്നതില്‍ ദേവീന്ദറിന് പങ്കുണ്ടെന്ന് ഗുര്‍പ്രീത് സിങ്ങിനെ ചോദ്യം ചെയ്തതില്‍ നിന്ന് പഞ്ചാബ് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ചോര്‍ത്തിയ രേഖകളില്‍ രഹസ്യ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവ പാകിസ്ഥാന്റെ ഐ.എസ്.ഐ.ക്ക് കൈമാറിയെന്നും ആരോപണമുണ്ട്. ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റിന് പിന്നാലെ ജൂലൈ 15 ന് അധികാരികള്‍ അദ്ദേഹത്തെ മൊഹാലി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2017ല്‍ പൂനെയിലെ ഒരു ആര്‍മി ക്യാമ്പില്‍ വെച്ചുള്ള പരിശീലനത്തിനിടയിലാണ് ദേവീന്ദറും ഗുര്‍പ്രീതും ആദ്യമായി കണ്ടുമുട്ടിയെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നീട് ബന്ധം നിലനിര്‍ത്തിയതായും സിക്കിമിലും ജമ്മു കശ്മീരിലും ഇരുവരും ഒരുമിച്ച് സേവനമനുഷ്ഠിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സൈനിക സേവനത്തിനിടെ ഇരുവര്‍ക്കും രഹസ്യ സൈനിക സാമഗ്രികള്‍ ലഭ്യമായിരുന്നുവെന്നും അവയില്‍ ചിലത് ഗുര്‍പ്രീത് ചോര്‍ത്തിയതായയും ആരോപണങ്ങളുണ്ട്. ചാരവൃത്തി കേസില്‍ ദേവീന്ദറിന്റെ കൃത്യമായ പങ്ക് ഇപ്പോഴും അന്വേഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.

Content highlight: Indian soldier arrested for spying for Pakistan