സുരാജ്
അന്താരാഷ്ട്ര നിക്ഷേപകരുടെ കേന്ദ്രമായി മാറുന്ന ഇന്ത്യക്ക് അഭിമാനിക്കാന്‍ അവസരമൊരുക്കി ഇന്ത്യന്‍ രൂപയ്ക്ക് പുതിയ ചിഹ്നമായി. ദേവനാഗിരി ലിപിയിലെ “ര”യും റോമന്‍ അക്ഷരം “ആറും” ചേര്‍ന്നതാണ് പുതിയ രൂപം. കുറുകെയുള്ള സമചിഹ്നം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി സൂചിപ്പിക്കുന്നതാണ്. രൂപയ്ക്ക് പുതിയ രൂപരേഖ നല്‍കി മുംബൈ ഐ ഐ ടിയിലെ ഉദയകുമാര്‍ ഇന്ത്യന്‍ സാമ്പത്തികചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. 3000ലധിം രൂപരേഖകളില്‍ നിന്നാണ് ഉദയകുമാറിന്റെ ഭാവന തിരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ രൂപം കൈവന്നതോടെ ഇന്ത്യന്‍ രൂപ നേപ്പാള്‍, ശ്രീലങ്ക, ഇന്‍ഡോനേഷ്യ, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ രൂപകളില്‍ നിന്നും വേറിട്ടുനില്‍ക്കും. ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലും രണ്ടര വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര രംഗത്തും പുതിയ പ്രതീകം നിലവില്‍ വരും. എന്നാല്‍ കറന്‍സി നോട്ടുകളിലും നാണയങ്ങളിലും രൂപയുടെ പുതിയ ചിഹ്നം പതിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല.
കമ്പ്യൂട്ടര്‍ രംഗത്തും രൂപയുടെ പുതിയ “രൂപം” ഇനി പ്രതിഫലിക്കും. രാജ്യത്ത് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡുകളില്‍ പുതിയ ചിഹ്നം ഉള്‍പ്പെടുത്തും. കൂടാതെ പുതുതായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളിലും രൂപയുടെ പുതിയ ചിഹ്നം ഉള്‍പ്പെടുത്തും. കരുത്തോടെ മുന്നേറുന്ന ഇന്ത്യന്‍ സാമ്പത്തികരംഗത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിക്കാന്‍ ഇനി രൂപയുമുണ്ടാകും.
3000ലധികം പേര്‍ രൂപയ്ക്ക് പുതിയ രൂപം നല്‍കാനായി രംഗത്തുണ്ടായിരുന്നു. ഉദയകുമാറിനെ കൂടാതെ തലശ്ശേരി സ്വദേശിയായ ഷിബിന്‍, ഹിതേഷ് പത്മശാലി, ഷാരുഖ് ജെ ഇറാനി, നന്ദിത മഹാത്രോ എന്നിവരായിരുന്നു അവസാനറൗണ്ടിലെത്തിയത്. ഇതില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ.കെ സി ചക്രബര്‍ത്തി അധ്യക്ഷനായുള്ള സമിതി ഉദയകുമാറിന്റെ രുപരേഖ തിരഞ്ഞെടുത്തിട്ടുള്ളത്.
രൂപയുടെ പുതിയ രൂപത്തിന് കേന്ദ്രമന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ ബ്രിട്ടീഷ് പൗണ്ട്, ഡോളര്‍, ജപ്പാന്‍ യെന്‍, യൂറോ എന്നിവയടങ്ങിയ വിശിഷ്ടസംഘത്തില്‍ ഇന്ത്യന്‍ രൂപയ്ക്കും അംഗത്വമായി. അന്താരാഷ്ട്ര ഏകകമായ “യൂണികോഡ് സ്റ്റാന്‍ഡേര്‍ഡില്‍” ഇനി രൂപയെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് വിവരവിനിമയത്തിനുള്ള സ്‌ക്രിപ്റ്റ് കോഡിലെ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഉള്‍പ്പെടുത്തുകയും വേണം. പുതിയ രൂപം രൂപയുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.


