റെയിൽവേയുടെ ശോചനീയാവസ്ഥക്ക് പരിഹാരമില്ല, റെയിൽവേക്ക് താത്പര്യം സ്ലീപ്പർ കോച്ചുകൾ എ.സി കോച്ചുകളാക്കുന്നതിൽ
national news
റെയിൽവേയുടെ ശോചനീയാവസ്ഥക്ക് പരിഹാരമില്ല, റെയിൽവേക്ക് താത്പര്യം സ്ലീപ്പർ കോച്ചുകൾ എ.സി കോച്ചുകളാക്കുന്നതിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 7:02 pm

ന്യൂദൽഹി: സ്ലീപ്പർ കോച്ചുകളെക്കാൾ എ.സി കോച്ചുകൾക്ക് മുൻ‌തൂക്കം നൽകുന്ന ഇന്ത്യൻ റെയിൽവേയുടെ നടപടി വ്യാപക പ്രതിഷേധം നേരിടുന്നതിനിടയിൽ റെയിൽവേയുടെ ശോചനീയാവസ്ഥയിലും ആശങ്കകൾ ഉയരുന്നു.

ബാലസോറിലെ ദുരന്തമുൾപ്പെടെ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ റെയിൽവേയുടെ ദയനീയമായ പ്രകടനത്തിന് കാരണം ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സി.എ.ജി) 2022 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം, റെയിൽവേ സുരക്ഷക്കായി നരേന്ദ്ര മോദി സർക്കാർ 2017ൽ രൂപം നൽകിയ ആർ.ആർ.എസ്.കെ ഫണ്ട്‌ ചെലവഴിച്ചത് തിരുമ്മൽ, വൈദ്യുതി ഉപകരണങ്ങൾ, ഫർണിച്ചർ, ഉദ്യാന നവീകരണം, ശമ്പളവും ബോണസും നൽകൽ, ശീതകാല ജാക്കറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവക്കാണെന്ന് കണ്ടെത്തിയിരുന്നു.

കേന്ദ്ര സർക്കാരിൽ നിന്ന് 15,000 കോടി രൂപയും റെയിൽവേയുടെ വരുമാനത്തിൽ നിന്ന് 5,000 കോടി രൂപയുമായി പ്രതിവർഷം 20,000 കോടി രൂപയാണ് ഫണ്ടിന് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ നാല് വർഷക്കാലം വെറും 4,225 കോടി രൂപ മാത്രമാണ് റെയിൽവേക്ക് നേടാനായത്.

സി.എ.ജിയുടെ റിപ്പോർട്ട് പ്രകാരം 2021-22 കാലയളവിൽ 100 രൂപ നേടാൻ റെയിൽവേ 107 രൂപയിലധികം ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു.

റെയിൽവേയുടെ മോശം പ്രകടനത്തിൽ കേന്ദ്ര സർക്കാർ കൊവിഡിനെ പഴി ചാരാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ പ്രകാരം കൊവിഡിനും നാല് വർഷം മുമ്പ് 2016 മുതൽ ഓപ്പറേറ്റിങ് അനുപാതം മോശമാണെന്ന് സ്ക്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു.

94,873 കോടി രൂപയുടെ പഴയ വസ്തുക്കൾ മാറ്റി സ്ഥാപിക്കേണ്ടിയിടത്ത് വെറും 671.92 കോടി രൂപ മാത്രമാണ് ട്രാക്കുകൾ പുനസ്ഥാപിക്കാൻ ചെലവഴിച്ചത് എന്നും സി.എ.ജി കണ്ടെത്തിയിരുന്നു.

നിലവിൽ സ്ലീപ്പർ, സെക്കന്റ്‌ ക്ലാസ് കോച്ചുകൾക്ക് പകരം എ.സി കോച്ചുകൾ സ്ഥാപിക്കുകയാണ് റെയിൽവേ. റിസേർവ് ചെയ്യാത്ത ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജനറൽ പോസ്റ്റുകളിൽ യാത്ര ചെയ്യുന്ന പലരും റിസേർഡ് കമ്പാർട്ട്മെന്റുകളിലേക്ക് വരുന്നത് സാധാരണമായിരിക്കുകയാണ്.

CONTENT HIGHLIGHT: Indian Railways Have Gone Off-Track