ഇനിമുതല്‍ ഇന്ത്യന്‍ റെയില്‍വേ അല്ല, ഭാരത് റെയില്‍വേ; പേര് വെട്ടി റെയില്‍വേ മന്ത്രാലയം
national news
ഇനിമുതല്‍ ഇന്ത്യന്‍ റെയില്‍വേ അല്ല, ഭാരത് റെയില്‍വേ; പേര് വെട്ടി റെയില്‍വേ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2023, 9:36 am

ന്യൂദല്‍ഹി: ഇന്ത്യ എന്ന പേര് വെട്ടി റെയില്‍വേ മന്ത്രാലയവും. കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഇന്ത്യക്ക് പകരം ഭാരതമെന്ന് ഉപയോഗിച്ച് കേന്ദ്രമന്ത്രിസഭയുടെ മുന്നിലെത്തുന്ന ആദ്യ ഔദ്യോഗിക ഫയലുകളായി ഇവ മാറി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മറ്റു മന്ത്രാലയങ്ങളുടെ ഫയലുകളും ഉടന്‍ ഭാരതം എന്നതിലേക്ക് മാറ്റിയേക്കും എന്ന വിവരമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭരണഘടനയില്‍ ഇന്ത്യ, ഭാരതം എന്നിവ ഉപയോഗിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ നിര്‍ദേശങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ആണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ജി ട്വന്റി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശ രാഷ്ട്ര തലവന്‍മാര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തിലാണ് ആദ്യമായി പേരുമാറ്റം നടന്നത്. ഇന്ത്യന്‍ രാഷ്ട്രപതി എന്നതിന് പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

പ്രധാനമന്ത്രി മോദിക്ക് നല്‍കിയ ആസിയാന്‍ ഇവന്റ് ക്ഷണത്തില്‍ പോലും അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നാണ് പരാമര്‍ശിച്ചത്. കണ്‍വെന്‍ഷന്‍ പ്രകാരം ഇന്ത്യന്‍ ഭരണഘടന സ്ഥാപനങ്ങള്‍ നല്‍കുന്ന ക്ഷണങ്ങളില്‍ എല്ലായിപ്പോഴും വാചകം ഇംഗ്ലീഷില്‍ ആയിരിക്കുമ്പോള്‍ ഇന്ത്യ എന്ന പേരും വാചകം ഹിന്ദിയില്‍ ആയിരിക്കുമ്പോള്‍ ഭാരത് എന്ന പേരും പരാമര്‍ശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതോടെയാണ് രാജ്യത്തിന്റെ പേര് തിരുത്താനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

Content Highlight: Indian railway  changing its name to Bharath railway