ലണ്ടന്‍: ബ്രിട്ടീഷ് വിമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ച ഇന്ത്യന്‍ വംശജന്‍ അഭയ് നായിക് കസ്റ്റഡിയില്‍. ലൂട്ടണില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ വെച്ച് ‘അല്ലാഹ് അക്ബര്‍, അമേരിക്കക്കും ട്രംപിനും മരണം’ എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു 41കാരന്‍.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും ഇയാളെ അധികൃതര്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. സംഭവം നടന്നത് ഞായറാഴ്ച രാവിലെയായിരുന്നു (27/7/2025).
ഇയാള്‍ വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്ന് ‘അല്ലാഹ് അക്ബര്‍’ എന്നും ‘അമേരിക്കക്കും ട്രംപിനും മരണം’ എന്നും മുദ്രാവാക്യം വിളിച്ചതായി വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല ഇയാള്‍ വിമാനത്തിന് ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കി. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചതോടെ ഇയാളെ സഹയാത്രികര്‍ നിലത്ത് തള്ളിയിടുകയും പിടിച്ചുകെട്ടുകയും ചെയ്യുന്നത് കാണാം. യാത്രക്കാര്‍ ഉത്കണ്ഠയോടെ നോക്കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ ഇയാളുടെ സാധനങ്ങള്‍ പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൈലറ്റുമാര്‍ വേഗത്തില്‍ വിമാനം താഴെയിറക്കുകയും ചെയ്തു. രാവിലെ 8:20 ഓടെ ഗ്ലാസ്ഗോ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച ശേഷം നായക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നും വിമാനത്തില്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നായിക്കിനെ പെയ്‌സ്‌ലി ഷെരീഫ് കോടതിയില്‍ ഹാജരാക്കി, യു.കെയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തി.