ടി - 20യില്‍ കിവികളെ നേരിടാന്‍ സഞ്ജുവടക്കമുള്ളവര്‍; ഏകദിന ടീമിനെ ഉടനെ അറിയാം!
Cricket
ടി - 20യില്‍ കിവികളെ നേരിടാന്‍ സഞ്ജുവടക്കമുള്ളവര്‍; ഏകദിന ടീമിനെ ഉടനെ അറിയാം!
ഫസീഹ പി.സി.
Friday, 26th December 2025, 8:02 pm

ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പരമ്പരക്കായാണ് ആരാധകരുടെ കാത്തിരിപ്പ്. 2026 ജനുവരിയിലാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണുള്ളത്.

ഇതില്‍ ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ടി – 20 ലോകകപ്പ് കളിക്കുന്ന അതേ സ്‌ക്വാഡ് തന്നെയാണ് കുട്ടി ക്രിക്കറ്റില്‍ കിവികളെയും നേരിടുക. എന്നാല്‍, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജനുവരി ആദ്യ ആഴ്ച തന്നെ ഏകദിന ടീമിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നിനോ നാലിനോ ആയിരിക്കും ടീം പ്രഖ്യാപനം എന്നാണ് സ്‌പോര്‍ട്‌സ് തക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും. Photo: Tanuj & IndianTeamCric/x.com

ഏകദിന ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാകും ശ്രദ്ധാകേന്ദ്രം. ഇരുവര്‍ക്കും പരിക്ക് കാരണം സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പര നഷ്ടമായിരുന്നു. ഗില്‍ ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ തിരിച്ചെത്തിയേക്കും.

ശ്രേയസിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) പരിശീലനം നടത്തുകയാണ്.

പരമ്പരയില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. കൂടാതെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നിലവില്‍ വിജയ് ഹസാരെയിലും മികച്ച പ്രകടനം നടത്തുന്ന ഇഷാന്‍ കിഷനും ടീമിലെത്താന്‍ സാധ്യതകള്‍ ഏറെയാണ്.

ഇഷാൻ കിഷൻ. Photo: Mufaddal Vohra/x.com

അതേസമയം, ന്യൂസിലന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ജനുവരി 11 മുതലാണ് തുടക്കമാവുക. 14, 18 എന്നെ തീയതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍ നടക്കുക. ഇതിനായുള്ള സ്‌ക്വാഡിനെ ന്യൂസിലാന്‍ഡ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരായ ന്യൂസിലാന്‍ഡിന്റെ ഏകദിന സ്‌ക്വാഡ്

മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്സണ്‍, ഡെവോണ്‍ കോണ്‍വേ, സാക്ക് ഫോള്‍ക്സ്, മിച്ച് ഹേയ്, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്സ്, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ റേ, വില്‍ യങ്

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ ടി – 20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Indian ODI squad for New Zealand series likely to announce on January 3 or 4: Report

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി