ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അടുത്തിടെ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
സിഡ്‌നി, ബ്രിസ്‌ബേന്‍, കാന്‍ബെറ, അഡ്‌ലെയ്ഡ്, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങളില്‍ ആഗസ്റ്റ് 31ന് നടന്ന പ്രതിഷേധങ്ങള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനുവരിയിലെ കണക്ക് അനുസരിച്ച് ഇന്ത്യന്‍ വംശജരും പ്രവാസി ജീവനക്കാരുമായ 9.7 ലക്ഷത്തിലധികം പേര്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നുണ്ടെന്ന് ഓഗസ്റ്റില്‍ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി ആശങ്കകള്‍ അറിയിച്ചിരുന്നുവെന്ന് മന്ത്രാലയം വക്താവ് രണ്‍വീര്‍ ജെയ്‌സ്വാള്‍ വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘ഓസ്‌ട്രേലിയയിലെ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്ക് ഈ പ്രതിഷേധങ്ങള്‍ ആശങ്കാജനകമാണെന്ന് അവര്‍ സമ്മതിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു.
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അപലപിച്ചിരുന്നു. എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും അവരുടെ പൈതൃകം എന്തുതന്നെയായാലും രാജ്യത്ത് സുരക്ഷിതത്വം അനുഭവിക്കാന്‍ അവകാശമുണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി.
‘എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും അവരുടെ പൈതൃകം എന്തുതന്നെയായാലും നമ്മുടെ സമൂഹത്തില്‍ സുരക്ഷിതത്വം അനുഭവിക്കാനും സ്വാഗതം ചെയ്യാനും അവകാശമുണ്ട്. നമ്മുടെ സാമൂഹിക ഐക്യത്തെ വിഭജിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന ആളുകള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല ഓസ്‌ട്രേലിയയെക്കാള്‍ കുറഞ്ഞ ഒന്നുമില്ല,’ രാജ്യത്തെ ആഭ്യന്തരമന്ത്രി ടോണി പാര്‍ക്ക് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരും പ്രതിപക്ഷത്തുള്ള മുതിര്‍ന്ന നേതാക്കളും രാജ്യത്തിന്റെ ബഹു സംസ്‌കരിക സ്വത്വത്തെ പിന്തുണച്ചതായും ഇന്ത്യയുടെ ദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.
‘ഓസ്‌ട്രേലിയയുടെ മൊത്തത്തിലുള്ള പുരോഗതിയിലും വികസനത്തിലും ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ സമൂഹം വഹിച്ച പങ്ക് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പങ്കിനെ അവര്‍ വളരെയധികം വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിന് ന്യൂദല്‍ഹി പ്രതിജ്ഞാബദ്ധമാണ്,’ ജെയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Indian Ministry of External Affairs says Australian government has expressed concern over anti-immigrant protests