14 വര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ട് കപ്പ്; പക്ഷേ, കൗതുകമുണര്‍ത്തുന്ന ഒരു സാമ്യതയുണ്ടിതിന്!
ICC Women's World Cup
14 വര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ട് കപ്പ്; പക്ഷേ, കൗതുകമുണര്‍ത്തുന്ന ഒരു സാമ്യതയുണ്ടിതിന്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd November 2025, 10:32 pm

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ വനിതകള്‍ ലോക ചാമ്പ്യന്മാരായിരിക്കുന്നു. കലാശപ്പോരില്‍ സൗത്ത് ആഫ്രിക്കക്കയെ തകര്‍ത്തായിരുന്നു ഹര്‍മന്റെയും സംഘത്തിന്റെയും കിരീടധാരണം. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന അങ്കത്തില്‍ 52 റണ്‍സിനായിരുന്നു ടീമിന്റെ വിജയിച്ചത്.

ഇന്ത്യന്‍ വനിതകള്‍ കന്നി കിരീടം ഉയര്‍ത്തിയപ്പോള്‍ ഇത് രാജ്യത്തിന്റെ മൂന്നാം ഏകദിന ലോകകപ്പ് നേട്ടമായിരുന്നു. ഇതിന് 1983ലും 2011ലുമാണ് ഇന്ത്യന്‍ സംഘം മുമ്പ് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ കിരീടം കപില്‍ ദേവിന് കീഴിലായിരുന്നെങ്കില്‍ എം.എസ് ധോണിക്കൊപ്പമായിരുന്നു രണ്ടാം ചാമ്പ്യന്‍ പട്ടം. ഇതിലേക്കാണ് ഹര്‍മന്‍ തന്റെ പേര് കൂടി ചേര്‍ത്തത്.

രണ്ടാം കിരീടം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മറ്റൊരു ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു കപ്പിനുമിടയില്‍ വര്‍ഷങ്ങളുടെ ഇടവേളയുണ്ടങ്കിലും ഇവ തമ്മില്‍ വ്യത്യസ്തമായ ഒരു സാമ്യതയുണ്ട്. ഇന്ത്യ നേടിയ രണ്ട് കിരീടങ്ങളും ഒരു ഐ.പി.എല്‍ കണക്ഷനുണ്ട് എന്നതാണ് കൗതുകമുണര്‍ത്തുന്നത്.

2011 ലോകകപ്പുമായി ഇന്ത്യൻ ടീം

ധോണിയും സംഘവും ഇന്ത്യയെ 2011ല്‍ ജേതാക്കളാക്കുമ്പോള്‍ മൂന്ന് ഐ.പി.എല്‍ സീസണുകളാണ് കടന്നു പോയത്. പുതിയ ഐ.പി.എല്‍ സീസണിന് തൊട്ട് മുമ്പ് നടന്ന ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുകയായിരുന്നു.

ഇതേപോലെ തന്നെയാണ് ഇന്ത്യന്‍ വനിതകള്‍ കിരീടമുയര്‍ത്തുമ്പോളും. 2023 ആരംഭിച്ച വുമണ്‍ ഐ.പി.എല്ലും ഇപ്പോള്‍ മൂന്ന് സീസണുകളാണ് അവസാനിച്ചത്. അത് കഴിഞ്ഞെത്തിയ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ചാമ്പ്യന്മാരുമായിരിക്കുന്നു.

2010 ഐ.പി.എൽ കിരീടവുമായി സി.എസ്.കെയും 2025 ഡബ്ല്യൂ.ഐ.പി.എൽ കിരീടവുമായി മുംബൈ ഇന്ത്യൻസും

ഇതുമാത്രമല്ല, ഈ കിരീട നേട്ടത്തില്‍ മറ്റൊരു സാമ്യത കൂടിയുണ്ട്. ഐ.പി.എല്‍ മൂന്നാം സീസണില്‍ കപ്പുയര്‍ത്തിയ അതേ ക്യാപ്റ്റന്മാര്‍ തന്നെയാണ് ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പും സമ്മാനിച്ചത്.

2010ല്‍ ഐ.പി.എല്ലില്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് കിരീടമുയര്‍ത്തിയത്. 2025ല്‍ വുമണ്‍ ഐ.പി.എല്ലില്‍ മുംബൈക്ക് ഒപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും ഈ നേട്ടത്തിലെത്തി.

Content Highlight: Indian Men’s and Women’s  Cricket Team lifted ICC ODI World Cup after three seasons of IPL and WPL respectively