വാഷിങ്ടണ്‍: യുഎസിലെ യൂട്ട സംസ്ഥാനത്ത് ഇന്ത്യക്കാരനായ യുവാവിന് നേര്‍ക്ക് വംശീയ ആക്രമണം. ഇന്ത്യക്കാരനായ സുഹൈല്‍ എന്ന യുവാവിന് നേര്‍ക്കാണ് യൂട്ട സ്വദേശിയായ പീറ്റര്‍ മൈക്കള്‍ ലാര്‍സന്‍ എന്ന 48 വയസ്സുകാരന്‍ ആക്രമണം നടത്തിയത്. നീ മുസ് ലീമല്ലെ എന്ന് ചോദിച്ചായിരുന്നു ആക്രമണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ് വാലി നഗരത്തിലെ വെസ്റ്റ് വാലി ഫെയര്‍ മാളിലായിരുന്നു സംഭവം. മാളില്‍ ജീവനക്കാരനായ സൊഹൈലിനെ പീറ്റര്‍ മതം ചോദിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.
സുഹൈലിന്റെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ഗോ ഫണ്ട് മീയില്‍ സുഹൃത്തുക്കള്‍ ഒരു പേജ് ആരംഭിച്ചിട്ടുണ്ട്. പ്രതി സുഹൈലിനെ 15 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായി ഈ പേജില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതിയായ പീറ്റര്‍ താന്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുസ്ലിംകളെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സൊഹൈല്‍ നിലവില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. പല തവണ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് മാളിലുണ്ടായിരുന്നവരുടെ ഇടപെടലിലാണ് സുഹൈലിനെ ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാനായത്.
സംഭവത്തില്‍ പീറ്ററിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളിലാണ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ സാള്‍ട്ട്‌ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി വിദ്വേഷ ചിന്താഗതി വെച്ചുപുലര്‍ത്തുന്നയാളാണെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. കൂട്ടക്കൊല അടക്കം ചെയ്യാവുന്ന തരം മനോഭാവമാണ് ഇയാള്‍ക്ക്. ഇയാള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും പൊലീസ് അറിയിച്ചു.
”നീ മുസ്ലിമാണോ” എന്ന് ചോദിച്ചപ്പോള്‍ സൊഹൈല്‍ അതെ എന്ന് ഉത്തരം നല്‍കിയ ഉടന്‍ തന്നെ പീറ്റര്‍ ആക്രമിക്കുകയായിരുന്നെന്ന് മാളിലെ ജ്വല്ലറിയിലെ ജീവനക്കാരിയായ ലൂണ നൂനെസ് പറഞ്ഞു. ആദ്യം സുഹൈല്‍ ഏത് നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പീറ്റര്‍ ചോദിച്ചു. ഇന്ത്യയില്‍ നിന്നാണെന്ന് സുഹൈല്‍ മറുപടി നല്‍കി. ഇതിന് പിറകെയാണ് സുഹൈലിനോട് ഇയാള്‍ മുസ്‌ലിമാണോ എന്ന് ചോദിച്ചതും ആക്രമിച്ചതുമെന്നും ലൂണ പറഞ്ഞു.
കുടിക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ചാണ് പീറ്റര്‍ സുഹൈലിനെ സമീപിച്ചതെന്ന് യൂട്ടാ ഇസ്ലാമിക് സെന്റര്‍ ഇമാം ഷുഐബ് ദിന്‍ പറഞ്ഞതായി സാള്‍ട്ട് ലേക്ക് കോടതി രേഖകളിലുണ്ട്. സുഹൈല്‍ വെള്ളം എടുക്കാന്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സുഹൈലിന്റേത്. സുഹൈലാണ് അദ്ദേഹത്തിന്റെ കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയെന്ന് ഗോ ഫണ്ട് മി പേജില്‍ സുഹൃത്തുക്കള്‍ അറിയിച്ചു. സുഹൈലിന് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാലാണ് ക്രൗഡ് ഫണ്ടിങ്ങ് വഴി ധന സഹായം തേടുന്നതെന്നും അവര്‍ വ്യക്തമാക്കി.
Content highlight: Indian Mall Worker Stabbed in Utah, US by Utah native
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.