വെനസ്വേലയിലെ അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം: കാന്തപുരം
Kerala
വെനസ്വേലയിലെ അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം: കാന്തപുരം
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 9:47 pm

കോഴിക്കോട്: വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തില്‍ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. വെനസ്വേലയില്‍ യു.എസ് നടത്തുന്നത് കൊടുംക്രൂരതയാണെന്നും ഇന്ത്യ അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കണമെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ‘കേരള യാത്ര’യുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വതന്ത്രമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നത്. അതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുകയും സഹായിക്കുകയും വേണം,’ കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ മൂന്നാം പതിപ്പാണ് ഈ വര്‍ഷത്തേത്. ജനുവരി ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച കേരള യാത്ര ജനുവരി 16ന് തിരുവനന്തപുരത്ത് വെച്ച് സമാപിക്കും.

പുത്തരിക്കണ്ടം മൈതാനിയില്‍ ആയിരിക്കും സമാപന സമ്മേളനം. ‘മനുഷ്യര്‍ക്കൊപ്പം’ എന്നതാണ് കേരള യാത്രയുടെ സന്ദേശം. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ആശയമാണ് കേരള യാത്രയുടെ അടിസ്ഥാനമെന്ന് കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞിരുന്നു.

Content Highlight: Indian government should intervene against US actions in Venezuela: Kanthapuram

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.