ഇന്ത്യന്‍ സിനിമാമേഖലക്ക് പ്രചോദനമായി വരാനിരിക്കുന്ന 98ാമത് അക്കാദമി അവാര്‍ഡ്‌സില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് നിര്‍മാതാവായ കരണ്‍ ജോഹാറാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പങ്കു വെച്ചത്. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഹോംബൗണ്ട് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ്, അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫീച്ചര്‍, ഡോക്യുമെന്ററി ഷോര്‍ട്ട് തുടങ്ങി പന്ത്രണ്ടോളം കാറ്റഗറികളുടെ ഷോര്‍ട്ട്‌ലിസ്റ്റാണ് ഓസ്‌കാര്‍ അധികൃതര്‍ പുറത്തുവിട്ടത്. ജര്‍മന്‍ ചിത്രമായ ദ സൗണ്ട് ഓഫ് ഫാളിങ്, ഫ്രഞ്ച് ചിത്രം ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, ബ്രസീല്‍ ചിത്രം ദ സീക്രട്ട് ഏജന്റ് തുടങ്ങിയവയും പുരസ്‌കാരത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
86 രാജ്യങ്ങളില്‍ നിന്നുമുള്ള ഔദ്യോഗിക എന്‍ട്രികളില്‍ 15 ചിത്രമാണ് അടുത്ത റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹോംബൗണ്ട് കാന്‍സ് ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. കാന്‍സില്‍ പ്രദര്‍ശനത്തിനു് ശേഷം മികച്ച പ്രതികരണങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ചിത്രത്തിന് ലഭിച്ചത്.
ഇഷാന്‍ ഖട്ടര്‍, വിഷാല്‍ ജെത്ത്വ, ജാന്‍വി കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന സുഹൃത്തുക്കളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ഹോംബൗണ്ട്. കുട്ടിക്കാലം മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഷുഹൈബും ചന്ദനും ജോലിയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെയും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മബന്ധവും ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നു.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ടൊറന്റോ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. തെരഞ്ഞെടുത്ത 15 ചിത്രങ്ങളെ വീണ്ടും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് അഞ്ച് ചിത്രങ്ങളുടെ പട്ടിക ജനുവരി 22 ന് പുറത്തുവിടും. കൊമേഡിയന്‍ കൊണാന്‍ ഒ ബ്രിയന്‍ ഹോസ്റ്റ് ചെയ്യുന്ന 98ാമത് അക്കാദമി അവാര്‍ഡ്‌സ് 2026 മാര്‍ച്ച് 15 ന് നടക്കും.
Content Highlight: indian film homebound shortlisted for best international film in academy awards