പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച ടീം തങ്ങളുടെ പ്രകടനം ഈ വര്‍ഷവും തുടരുകയായിരുന്നു.
അതോടെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഐ.സി.സിയുടെ ടി – 20 ടീം റാങ്കിങ്ങില്‍ തലപ്പത്തിരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വര്‍ഷം 272 റേറ്റിങ് പോയിന്റുമായാണ് മെന്‍ ഇന്‍ ബ്ലൂ ഒന്നാം സ്ഥാനം കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുന്നത്.
ഇന്ത്യൻ ടീം. Photo: BCCi/x.com
കഴിഞ്ഞ നാല് വര്‍ഷവും മറ്റൊരു ടീമിനും തകര്‍ക്കാന്‍ കഴിയാതെ ഇന്ത്യ തന്നെയായിരുന്നു മുമ്പില്‍. 2022, 2023, 2024ലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. യഥാക്രമം 268, 265, 268 എന്നിങ്ങനെയായിരുന്നു ഈ വര്‍ഷങ്ങളിലെ ഇന്ത്യയുടെ റേറ്റിങ് പോയിന്റ്. ഈ വര്‍ഷം ഇന്ത്യയ്ക്ക് റേറ്റിങ് പോയിന്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
അത് വെറുതെ ഇന്ത്യയ്ക്ക് വന്നു ചേര്‍ന്നതല്ല. മികവോടെ കളിച്ച് തന്നെ നേടിയെടുത്തതാണ്. ഈ വര്‍ഷം കളിച്ച എല്ലാ ടി – 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയാണ് ഇന്ത്യ ഈ നേട്ടം കൊയ്തത്. ഈ വര്‍ഷം ആദ്യ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. അതിലെ അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച് ഇന്ത്യ പരമ്പര നേടി.
ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ആഘോഷം. Photo: Shebas/x.com
പിന്നാലെ സെപ്റ്റംബറില്‍ ഏഷ്യാ കപ്പെത്തി. അതില്‍ ഇന്ത്യന്‍ സംഘം അപരാജിതരായി കിരീടമുയര്‍ത്തി. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ടീമിന്റെ കിരീട നേട്ടം. അതിന് ശേഷം ഓസ്ട്രേലിയയോടും സൗത്ത് ആഫ്രിക്കയോടും ഇന്ത്യ അഞ്ച് വീതം ടി – 20 മത്സരങ്ങള്‍ കളിച്ചു. അതിലും വിജയം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. അതോടെയാണ് മെന്‍ ഇന്‍ ബ്ലൂ ഈ വര്‍ഷവും റാങ്കിങ്ങില്‍ തലപ്പത്തിരിക്കുന്നത്.