കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റിന്റെ അപകടസാധ്യതകള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റുകള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹിയിലെയും മോസ്‌കോയിലെയും റഷ്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യന്‍ സൈന്യത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിഴക്കന്‍ ഉക്രൈനിലെ ഡോണെറ്റ്‌സ്‌ക് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് ഇന്ത്യന്‍ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിരുന്നു.
നിര്‍മാണ ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിലേക്ക് എത്തിച്ചത്. പിന്നാലെ ഇരുവരെയും യുദ്ധമേഖലയിലേക്ക് അയക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നവര്‍ വിസിറ്റിങ് വിസയിലും സ്റ്റുഡന്റ് വിസയിലുമാണ് മോസ്‌കോയിലെത്തുന്നത്.
ഉക്രൈനെതിരായ യുദ്ധം രൂക്ഷമായതോടെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഒമ്പത് ഇന്ത്യക്കാര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ആളുകള്‍ ഇന്ത്യ ഗേറ്റിന് സമീപത്തുള്ള റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
തങ്ങളെ പ്രലോഭിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നെന്നും കബളിപ്പിക്കപ്പെട്ടെന്നും റഷ്യയില്‍ കുടുങ്ങിയ പലരും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തില്‍ ചേരുന്നതിന് പകരമായി റഷ്യന്‍ പൗരത്വവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും ഇവർ അറിയിച്ചിരുന്നു.
69 പേര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കല്‍ കാത്ത് നില്‍ക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് 2024 ഓഗസ്റ്റ് ഒന്നിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
Content Highlight: Indian citizens should refrain from joining Russian army: Ministry of External Affairs