ലണ്ടന്‍: ബ്രിട്ടനില്‍ കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമ നിര്‍ത്തിവെച്ച് തിയേറ്റര്‍ ജീവനക്കാര്‍. ഭക്ഷണം ഉള്‍പ്പെടെ നിലത്തെറിഞ്ഞ് ആഹ്ലാദ പ്രകടനം നടന്നതിനെ തുടര്‍ന്നാണ് സിനിവേള്‍ഡ് ജീവനക്കാര്‍ സിനിമ നിര്‍ത്തിവെച്ചത്.
പിന്നാലെ തിയേറ്ററിനുള്ളില്‍ കയറിയ രണ്ട് ജീവനക്കാര്‍ പൊതുയിടങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് കാണികളെ പറഞ്ഞുമനസിലാക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Cineworld staff interrupt an indian movie halfway after the members of the audience were making a mess pic.twitter.com/591DDG6D11
— UB1UB2 West London (Southall) (@UB1UB2) July 24, 2025
ജൂലൈ 24നാണ് സംഭവം നടന്നത്. വീഡിയോയില്‍ കാണിക്കുന്ന ഒരു സ്റ്റില്ലില്‍ തെലുങ്ക് നടനായ പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹരി ഹര വീര മല്ലു’വാണ് തിയേറ്ററില്‍ സ്‌ക്രീന്‍ ചെയ്തിരുന്നതെന്നാണ് അനുമാനം.
പുറത്തുവന്ന വീഡിയോയില്‍ പേപ്പര്‍ ഉപയോഗിച്ച് തിയേറ്ററിനുള്ളില്‍ ആഹ്ലാദ പ്രകടനം നടത്തിയിരിക്കുന്നതായി കാണാം. കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് സിനിമ പകുതിക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്. കാണികളില്‍ ചിലര്‍ ജീവനക്കാരോട് എതിര്‍ത്ത സംസാരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.
യു.കെയിലെ തിയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്ത്യക്കാരായ സിനിമാപ്രേമികളെ ലോകത്തിന് മുന്നില്‍ മോശക്കാരാക്കുന്നതാണെന്ന് ഒരു വിഭാഗം പ്രതികരിച്ചു. വീഡിയോ മനഃപൂര്‍വം പ്രചരിപ്പിച്ചതാണെന്നും ചിലര്‍ പറയുന്നു.
അതേസമയം തിയേറ്റര്‍ അടക്കമുള്ള പൊതുവായ ഇടങ്ങളില്‍ ഒരു വ്യക്തി പാലിക്കേണ്ട മര്യാദകളെ കുറിച്ചും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. സിനിമ നിര്‍ത്തിവെച്ച് നിര്‍ദേശം നല്‍കിയ ജീവനക്കാരുടെ നീക്കത്തെ ഇവര്‍ പിന്തുണക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ നിന്നുള്ളതാകാമെന്നും ചിലര്‍ പറയുന്നു. ജീവനക്കാരുടെ നടപടിയില്‍ ഇതുവരെ ഔദ്യോഗികമായോ ഒരു പ്രതികരണമോ പോസ്റ്ററുകളോ കാണാനില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
ലണ്ടനില്‍ ഇതിനുമുമ്പും സമാനമായ സംഭവമുണ്ടായിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 2024 ഏപ്രിലില്‍ തമിഴ് നടന്‍ വിജയ് അഭിനയിച്ച ഗില്ലി എന്ന സിനിയമയുടെ റീ-റിലീസിനിടെ, കാണികളുടെ ആവേശം അതിര് കടന്നതോടെ തിയേറ്റര്‍ ജീവനക്കാര്‍ സിനിമ പ്രദര്‍ശനം തടസപ്പെടുത്തിയിരുന്നു.
Content Highlight: Bad behavior; Theater staff stop Indian movie in UK? Video