ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കമാവും. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക.
ഈ പരമ്പരക്ക് മുന്നോടിയായി യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. വൈഭവ് പ്രതിഭയുള്ള താരമാണെന്നും അവസരം ലഭിക്കുമ്പോള്‍ 15കാരന്‍ മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസമുണ്ടെന്നുമാണ് അയ്യര്‍ പറഞ്ഞത്. എന്നാല്‍ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തിയില്ല.
‘ഞങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. ഇത് വളരെ സ്വകാര്യമായ കാര്യമാണ്. ഏത് കോമ്പിനേഷനിലാണ് ഞങ്ങള്‍ കളിക്കാന്‍ ഇറങ്ങുകയെന്നത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ എതിരാളികള്‍ക്ക് അത് മനസിലാവും. വൈഭവ് പ്രതിഭയുള്ള താരമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്,’ ശ്രേയസ് അയ്യര്‍ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.
ഈ സീസണില്‍ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് ഇന്ത്യന്‍ ടീമിലെത്തിയത്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
എന്നാല്‍ അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വൈഭവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ വൈഭവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
Content Highlight: Indian captain Shreyas Iyer praises Vaibhav Suryavanshi