ടി-20യിലെ ആദ്യ 'ഡബിള്‍ സെഞ്ച്വറി' മുന്നില്‍; ചരിത്രനേട്ടത്തിനരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍
Cricket
ടി-20യിലെ ആദ്യ 'ഡബിള്‍ സെഞ്ച്വറി' മുന്നില്‍; ചരിത്രനേട്ടത്തിനരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍
സുദേവ് എ
Tuesday, 9th June 2026, 11:11 am

ഐ.സി.സി വനിത ടി-20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഒരുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. കുട്ടിക്രിക്കറ്റിലെ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി 200 ടി-20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി മാറാന്‍ ഹര്‍മന്‍പ്രീതിന് സാധിക്കും.

ഹർമൻപ്രീത് കൗർ

ഇതുവരെ ടി-20യില്‍ 197 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 4075 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറികളും ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനും ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചിരുന്നു. 40 പന്തില്‍ പുറത്താവാതെ 56 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഈ ബാറ്റിങ് ഫോം ലോകകപ്പിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് എയി-ലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്നും കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്. ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യ വിമണ്‍സ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍, ഭാരതി ഫുല്‍മാലി, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), നന്ദിനി ശര്‍മ, രാധ യാദവ്.

Content Highlight: Indian captain Harmanpreet Kaur eying on a historical record in T20

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.