ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. വിശാഖപ്പപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചിരിക്കുകാണ്.
മാത്രമല്ല കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് സാധിച്ചിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ 350ാം മത്സരത്തിനാണ് താരം ഇറങ്ങിയത്.
ഇന്ത്യയ്ക്കുവേണ്ടി 350 മത്സരം കളിക്കുന്ന ആദ്യ വനിതാ താരമാണ് ഹര്‍മന്‍. 333 മത്സരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മിതാലി രാജാണ് ഹാര്‍മന്‍പ്രീത് കൗറിന് പിന്നിലുള്ളത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഈ മൈല്‍ സ്‌റ്റോണില്‍ എത്തുന്ന രണ്ടാമത്തെ താരമാകാനും ഹര്‍മന് സാധിച്ചു. ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 355 മത്സരങ്ങളാണ് സൂസി ഇതുവരെ കളിച്ചത്.
അതേസമയം നിലവില്‍ മത്സരത്തില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് ആണ് ശ്രീലങ്ക നേടിയത്. ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ചമാരി അത്തപത്തുവിനേയാണ് ലങ്കയ്ക്ക് നഷ്ടമായത്. 12 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സായിരുന്നു താരം നേടിയത്.
ക്രാന്തി ഗൗഡിന്റെ സൂപ്പര്‍ ബൗളിങ്ങില്‍ ബൗള്‍ഡായാണ് ചമാരി കൂടാരം കയറിയത്. അന്താരാഷ്ട്ര ടി-20യില്‍ ക്രാന്തിയുടെ ആദ്യ വിക്കറ്റാണിത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹാസിനി പെരേര 23 പന്തില്‍ 20 റണ്‍സ് നേടി ദീപ്തി ശര്‍മിക്കും ഇരയായി. ക്രാന്തി ഗൗഡാണ് ഹാസിനിയുടെ ക്യാച്ച് നേടിയത്.