ഇന്ത്യ പാക് സിവിലിയന്മാരെ ലക്ഷ്യമിട്ടിട്ടില്ല, ആക്രമണങ്ങൾ തടുക്കാൻ ഇന്ത്യൻ സൈന്യം സജ്ജം: വിങ് കമാൻഡർ വ്യോമിക സിങ്
national news
ഇന്ത്യ പാക് സിവിലിയന്മാരെ ലക്ഷ്യമിട്ടിട്ടില്ല, ആക്രമണങ്ങൾ തടുക്കാൻ ഇന്ത്യൻ സൈന്യം സജ്ജം: വിങ് കമാൻഡർ വ്യോമിക സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 12:51 pm

ന്യൂദൽഹി: അതിർത്തി കടന്നുള്ള പാകിസ്ഥാൻ ആക്രമണത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും പ്രതികരിച്ചു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മൂവരും.

മെയ് എട്ട് വ്യാഴാഴ്ച രാത്രിയും മെയ് ഒമ്പത് വെള്ളിയാഴ്ച പുലർച്ചെയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായെന്നും പാകിസ്താന്റെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുള്ള സൈനിക ഇടപെടലുകൾ ഉണ്ടായെന്നും മൂവരും പത്രസമ്മേളനത്തിൽ പറഞ്ഞു.

വ്യാഴാഴ്ച രാത്രി ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലെ സ്ഥലങ്ങൾ ഉൾപ്പെടെ ഒന്നിലധികം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ വിജയകരമായി തടഞ്ഞെന്നും അവർ പറഞ്ഞു. പാക് ആക്രമങ്ങൾ ഇന്ത്യയുടെ സിവിലിയന്മാരുടെ നേരെ ഉണ്ടായെങ്കിലും ഇന്ത്യ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി.

പാകിസ്ഥാൻ ഇന്ത്യയുടെ വ്യോമതാവളങ്ങൾ മനപൂർവം ആക്രമിച്ചതിന് ശേഷം ഇന്ത്യൻ സായുധ സേന വളരെ വേഗത്തിൽ തന്നെ തിരിച്ചടിച്ചെന്നും വ്യോമിക സിങ് പറഞ്ഞു.

‘റഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയാൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക താവളങ്ങൾ, വെടിക്കോപ്പുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ലക്ഷ്യം വെച്ച് ഇന്ത്യ ആക്രമണം നടത്തി. പാസ്രൂരിലെ റഡാർ സൈറ്റും സിയാൽകോട്ടിലെ വ്യോമയാന താവളവും വെടിക്കോപ്പുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഈ നടപടികൾ നടത്തിയെങ്കിലും ഇന്ത്യക്ക് വളരെ കുറവ് നാശനഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ,’ വ്യോമിക സിങ് പറഞ്ഞു.

ഇന്ത്യൻ സായുധ സേന പ്രവർത്തന സന്നദ്ധരാണെന്നും എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി ചെറുക്കുന്നുണ്ടെന്നും വ്യോമിക സിങ് കൂട്ടിച്ചേർത്തു. പാകിസ്ഥാൻ കൂടുതൽ ആക്രമണം നടത്തിയാൽ സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇന്ത്യൻ സായുധ സേന നടപടിയെടുക്കുമെന്നും സേന അതിന് തയാറാണെന്നും അവർ പറഞ്ഞു.

ഇന്ത്യയുടെ എസ്-400 സംവിധാനവും സൂറത്തിലെ വ്യോമതാവളങ്ങളും നശിപ്പിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും വ്യോമിക സിങ് പറഞ്ഞു. ‘ഇന്ത്യൻ സായുധ സേന സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് കൃത്യമായ ആക്രമണം നടത്തിയത്. ഇന്ത്യൻ എസ്-400 സംവിധാനം നശിപ്പിച്ചതായും സൂറത്ത്ഗഢിലെയും സിർസയിലെയും വ്യോമതാവളങ്ങൾ നശിപ്പിച്ചതായും അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ തുടർച്ചയായി തെറ്റായ പ്രചാരണം നടത്താൻ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന ഈ തെറ്റായ അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു,’ വ്യോമിക സിങ് പറഞ്ഞു.

പാകിസ്ഥാൻ നുണപ്രചരണം നടത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സ്ഥിരീകരിച്ചു.

‘പാകിസ്ഥാന്റെ അവകാശവാദങ്ങൾ നുണകളാണ്. അതിനുപുറമെ, പാകിസ്ഥാൻ സ്റ്റേറ്റ് ഏജൻസികളാണ് ഇത്തരം നുണ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നമ്മുടെ രാജ്യത്തെ വിവിധ സൈനിക സ്ഥാപനങ്ങൾ ആക്രമിച്ച് നശിപ്പിച്ചെന്ന് അവർ ഉന്നയിച്ച അവകാശവാദങ്ങൾ പൂർണമായും തെറ്റാണ്. സൂറത്ത്ഗഡിലെ സിർസയിലെ വ്യോമസേനാ താവളങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന അവകാശവാദം തെറ്റാണ്. ആദംപൂരിലെ എസ്-400 ബേസ് നശിപ്പിക്കപ്പെട്ടുവെന്ന അവകാശവാദവും തെറ്റാണ്,’ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ കൃത്യമായ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിവിലിയൻ വിമാനങ്ങൾക്ക് പിന്നിൽ ഒളിച്ചുകൊണ്ട് പാകിസ്ഥാൻ അന്താരാഷ്ട്ര വ്യോമപാതകൾ ദുരുപയോഗം ചെയ്തുവെന്ന് സോഫിയ കേണൽ ഖുറേഷി വിമർശിച്ചു.

‘ലാഹോറിൽ നിന്ന് പറന്നുയരുന്ന സിവിലിയൻ വിമാനങ്ങളുടെ മറവിൽ പാകിസ്ഥാൻ അന്താരാഷ്ട്ര വ്യോമപാതകൾ ദുരുപയോഗം ചെയ്തു എന്നത് ആശങ്കാജനകമാണ്. അങ്ങനെ അവർക്ക് അവരുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ കഴിയും. അത്തരം തന്ത്രങ്ങൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ഇത്തരം സാഹചര്യങ്ങളിൽ സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വളരെ ക്ഷമയോടെ വേണം പ്രവർത്തിക്കാൻ,’ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചും കേണൽ സോഫിയ ഖുറേഷി വിവരിച്ചു. വ്യോമതാവളങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ വേണ്ടി പാകിസ്ഥാൻ ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചെന്ന് സോഫിയ ഖുറേഷി പറഞ്ഞു.

‘പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ അവർ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചു. ഇന്ത്യ നിരവധി ആയുധങ്ങൾ നിർവീര്യമാക്കി. പക്ഷേ പാകിസ്ഥാൻ 26 ലധികം സ്ഥലങ്ങളിൽ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ നമ്മുടെ ഉപകരണങ്ങൾക്കും ഉദ്യോഗസ്ഥർക്കും അവർ കേടുപാടുകൾ വരുത്തി. പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവർ അതിവേഗ മിസൈലുകൾ ഉപയോഗിച്ചു.

അപലപനീയവും പ്രൊഫഷണലല്ലാത്തതുമായ പ്രവൃത്തിയാണ് അവർ ചെയ്യുന്നത്. ശ്രീനഗർ, അവന്തിപൂർ, ഉദംപൂർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലെ ആശുപത്രികളും സ്കൂളുകളും ലക്ഷ്യമാക്കി അവർ ആക്രമണം നടത്തി,’ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

കൂടാതെ ജമ്മു കശ്മീരിലെ രജൗറിയിലുണ്ടായ കനത്ത പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ രജൗരിയിലെ അഡീഷണൽ ജില്ലാ വികസന കമ്മീഷണറായിരുന്ന രാജ് കുമാർ താപ്പ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വീട്ടിൽ ഒരു ഷെൽ പതിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് അദ്ദേഹം മരിച്ചു. രജൗരി, പൂഞ്ച്, ജമ്മു ജില്ലകളിൽ ഉടനീളം പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിക്രം മിസ്രി പറഞ്ഞു.

Content Highlight: Indian and Pakistani civilians not targeted, Indian Army ready to repel attacks: Wing Commander Vyasmika Singh