വൈഭവിന്റെയും മാഹ്‌ത്രെയുടെയും കൗമാരപട ഇറങ്ങുന്നു; ആറാം കിരീടം ചൂടാന്‍ ഇന്ത്യക്കാവുമോ?
Cricket
വൈഭവിന്റെയും മാഹ്‌ത്രെയുടെയും കൗമാരപട ഇറങ്ങുന്നു; ആറാം കിരീടം ചൂടാന്‍ ഇന്ത്യക്കാവുമോ?
ഫസീഹ പി.സി.
Friday, 6th February 2026, 8:14 am

അണ്ടര്‍ 19 ലോകകപ്പ് അവസാനത്തോട് അടുക്കുകയാണ്. ഇന്ന് (ഫെബ്രുവരി ആറ്) നടക്കുന്ന കലാശപ്പോരോടെയാണ് ടൂര്‍ണമെന്റിന് അവസാനമാവുന്നത്. അവസാനയങ്കത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഈ പോരാട്ടത്തിലെ എതിരാളികള്‍.

അഫ്ഗാനിസ്ഥാനെ റെക്കോഡ് ചെയ്സിലൂടെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടാവട്ടെ ഓസ്ട്രേലിയന്‍ കൗമാരപടയെ തകര്‍ത്തെറിഞ്ഞാണ് കലാശപ്പോരിന് ടിക്കെറ്റെടുത്തത്. ഇരു ടീമുകളും അവസാന മത്സരത്തില്‍ കളത്തിലിറങ്ങുന്നത് മറ്റൊരു കിരീടം കൂടി തങ്ങളുടെ ഷെല്‍ഫിലെത്തിക്കുക എന്ന ഒറ്റൊരു ലക്ഷ്യത്തിലാണ്.

ഇംഗ്ലണ്ടിന്റെ ലക്ഷ്യം ടൂര്‍ണമെന്റിന്റെ തങ്ങളുടെ രണ്ടാം കിരീടമാണ്. 1988ല്‍ നടന്ന ലോകകപ്പിന്റെ രണ്ടാം എഡിഷനില്‍ ജേതാക്കളായതിന് ശേഷം ടീമിന് കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. മറ്റൊരു ഫൈനലില്‍ എത്താന്‍ പോലും ടീമിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു.

അണ്ടർ 19 ഇംഗ്ലണ്ട് ടീം. Photo: Crictracker/x.com

കാത്തിരിപ്പിനൊടുവില്‍ 2022ലാണ് ഇംഗ്ലണ്ട് രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. അന്നാകട്ടെ ഇന്ത്യയ്ക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിയും വന്നു. ആ കണ്ണീരിന് പകരം വീട്ടാന്‍ ഉറച്ചാകും കൗമാര ത്രീലയണ്‍സ് ഇന്ത്യന്‍ സംഘത്തിനെതിരെ ഇറങ്ങുക.

എന്നാല്‍, ഇന്ത്യ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമായാണ് ഫൈനലില്‍ ഒരുങ്ങുന്നത്. ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ഇതുവരെ 15 എഡിഷനുകളാണ് അവസാനിച്ചത്. അതില്‍ ഒമ്പത് തവണയും ഇന്ത്യന്‍ സംഘം ഫൈനലില്‍ പ്രവേശിച്ചു.

ഇപ്പോള്‍ 16ാം ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ പത്താം ഫൈനലിനാണ് കോപ്പുകൂട്ടുന്നത്. ലക്ഷ്യമാവട്ടെ ആറാം കിരീടവും. 2000ല്‍ മുഹമ്മദ് കൈഫിന് കീഴിലാണ് ടീം ആദ്യം ജേതാക്കളാവുന്നത്. പിന്നീട് 2008ല്‍ വിരാട് കോഹ്ലിയും ടീമിനെ വിജയികളാക്കി. 2012, 2018, 2022 എന്നീ വര്‍ഷങ്ങളിലും ടീം കിരീടനേട്ടം ആവര്‍ത്തിച്ചു.

ഇന്ത്യൻ ടീം. Photo: BCCI/x.com

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അന്ന് ഓസ്ട്രേലിയയോട് കൈവിട്ട കിരീടം തന്നെയാണ് ഈ ഫൈനലില്‍ ഉന്നമിടുന്നത്. വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയുമടങ്ങുന്ന വമ്പന്‍ താരനിര അണിനിരക്കുന്ന ടീമിന് കപ്പുയര്‍ത്താന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന കാണാം.

U -19 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങൾ

(വര്‍ഷം – എതിരാളി – നേട്ടം എന്നീ ക്രമത്തില്‍)

2024 – ഓസ്‌ട്രേലിയ – റണ്ണേഴ്സ്അപ്പ്

2022 – ഇംഗ്ലണ്ട് – വിജയികള്‍

2020 – ബംഗ്ലാദേശ് – റണ്ണേഴ്സ്അപ്പ്

2018 – ഓസ്‌ട്രേലിയ – വിജയി

2016 – വെസ്റ്റ് ഇന്‍ഡീസ് – റണ്ണേഴ്സ്അപ്പ്

2012 – ഓസ്‌ട്രേലിയ – വിജയികള്‍

2008 – സൗത്ത് ആഫ്രിക്ക – വിജയികള്‍

2006 – പാകിസ്ഥാന്‍ – റണ്ണേഴ്സ്അപ്പ്

2000 – ശ്രീലങ്ക – വിജയികള്‍

 

Content Highlight: India  will face England in U19 World Cup final with the aim of lifting sixth title

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി