അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി ഇന്ത്യന്‍ കൗമാരപട. ന്യൂസിലാന്‍ഡിന് എതിരെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. മഴ മൂലം റണ്‍സും ഓവറുകളും വെട്ടിക്കുറച്ച മത്സരത്തില്‍ മാഹ്‌ത്രെയുടെയും സൂര്യവംശിയുടെയും വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
കിവീസ് ആദ്യം ബാറ്റ് ചെയ്ത് 136 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുമ്പില്‍ ഉയര്‍ത്തിയിരുന്നു. ഇത് മഴകാരണം 130 റണ്‍സായും 37 ഓവറുകളുമായും വെട്ടിക്കുറച്ചു. ഈ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ സംഘം 13.3 ഓവറില്‍ തന്നെ മറികടക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ കളിച്ച മൂന്ന് മത്സരത്തില്‍ ടീമിന് വിജയം നേടാന്‍ സാധിച്ചു.
ആയുഷ് മാഹ്‌ത്രെ. Photo: Tanuj/x.com
ഇന്ത്യക്കായി ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 27 പന്തില്‍ ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 53 റണ്‍സാണ് എടുത്തത്. കൂടാതെ, 23 പന്തില്‍ 40 റണ്‍സുമായി വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവി കൗമാര സംഘം 135 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി കല്ലം മൈക്കല്‍ സാംസണാണ് ടോപ് സ്‌കോററായത്. എട്ടാം നമ്പറില്‍ ബാറ്റിങ്ങിന് എത്തിയതാരം 48 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
താരത്തിനൊപ്പം സെല്‍വിന്‍ ജിം സഞ്ജയും ജേക്കബ് ജെയിംസ് കോട്ടറും ഭേദപ്പെട്ട പ്രകടനം നടത്തി. സഞ്ജയ് 30 പന്തില്‍ 28 റണ്‍സെടുത്തപ്പോള്‍ കോട്ടറുടെ സമ്പാദ്യം 47 പന്തില്‍ 23 റണ്‍സായിരുന്നു. മറ്റാര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.
കിവീസ് നിരയെ തകര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് ആര്‍.എസ്. അംബരീഷാണ്. താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. കൂടാതെ ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റും പിഴുതു. ഓരോ വിക്കറ്റുകളുമായി മലയാളി താരം മുഹമ്മദ് ഇനാന്‍, ഖിലാന്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
Content Highlight: India Youth defeated NZY in U19 World Cup; Ayush Mhrate and Vaibhav Suryavanshi team registered third consecutive win