പ്രോട്ടിയാസിനെ പൂട്ടി മെന്‍ ഇന്‍ ബ്ലൂ; സന്നാഹ മത്സരവും കടന്ന് ഇനി ലോകകപ്പിലേക്ക്!
Cricket
പ്രോട്ടിയാസിനെ പൂട്ടി മെന്‍ ഇന്‍ ബ്ലൂ; സന്നാഹ മത്സരവും കടന്ന് ഇനി ലോകകപ്പിലേക്ക്!
ശ്രീരാഗ് പാറക്കല്‍
Wednesday, 4th February 2026, 11:10 pm

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമാണ് പ്രോട്ടിയാസിന് നേടാനായത്.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 21 പന്തില്‍ 45 റണ്‍സ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. റിയാന്‍ റിക്കിള്‍ട്ടണ്‍ 44 റണ്‍സും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം 38 റണ്‍സും ടീമിന് വേണ്ടി നേടിയിരുന്നു. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍, അക്‌സര്‍, ദുബെ, അര്‍ഷ്ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇഷാന്‍ കിഷനാണ്. വെറും 20 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത താരം റിട്ടയേഡ് ഔട്ട് ആയാണ് മടങ്ങിയത്. ഏഴ് കൂറ്റന്‍ സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 265 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

റിട്ടയേഡ് ഔട്ട് ആയാണ് താരം മടങ്ങിയത്. ഇതോടെ ലോകകപ്പ് പ്ലെയിങ് ഇലവനില്‍ ഓപ്പണിങ് പൊസിഷന്‍ ഉറപ്പിക്കാനും കിഷന് സാധിച്ചു. താരത്തിന് പുറമെ 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി തിലക് വര്‍മ 45 റണ്‍സ് നേടി ഫോമില്‍ തിരിച്ചെത്തി.

ഏറെ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത് ഹര്‍ദിക് പാണ്ഡ്യയാണ് വെറും 10 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ 35 റണ്‍സും നേടിയരുന്നു. പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, ആന്റിക് നോര്‍ക്യ, ക്വേന മഫാക എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: India Won Warm Up Match Against South Africa Ahead T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ